പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: 2 പേർ അറസ്റ്റിൽ

Mail This Article
കോട്ടയ്ക്കൽ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം പീഡിപ്പിച്ചെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ എൻ.എ.അമൽ അഹമ്മദ് (21), മലപ്പുറം മുണ്ടുപറമ്പ് പുല്ലാനി മുബഷിർ (27) എന്നിവരെയാണു കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എഎസ്ഐമാരായ ശൈലേഷ്, ബുഷ്റ, സിപിഒമാരായ ബിജു, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രണ്ടുവർഷം മുൻപു പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ചു നഗ്ന വിഡിയോ കൈവശപ്പെടുത്തിയ ഒന്നാം പ്രതിയായ അമൽ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. യുവാവിനു സൗകര്യങ്ങൾ ഏർപ്പാടാക്കിക്കൊടുത്തു സഹായിച്ചത് രണ്ടാംപ്രതി മുബഷിറാണ്. ഒന്നാം പ്രതിയെ പരപ്പനങ്ങാടിയിലും രണ്ടാംപ്രതിയെ ഇരുമ്പുഴിയിലുമാണ് അറസ്‌റ്റ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.