നിലമ്പൂരിൽ ഉത്സവത്തിന് ആന ഇടഞ്ഞു; മൂന്നു മണിക്കൂർ നീണ്ട പരിഭ്രാന്തി

Mail This Article
നിലമ്പൂർ∙ നഗരത്തിൽ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. സ്കൂട്ടർ തകർത്തു. 2 വീടുകളുടെ ഗേറ്റ് കേടുവരുത്തി. എഴുന്നള്ളത്തിനിടെ ഇടയാതിരുന്നതും ഇടഞ്ഞ ആന നഗരത്തിലേക്ക് നീങ്ങാതിരുന്നതും അപകടം ഒഴിവാക്കി. നിലമ്പൂർ നഗരത്തിൽ ജംക്‌ഷനിൽ നിന്ന് 150 മീറ്റർ അകലെ വീരാഡൂർകുന്ന് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആണ് സംഭവം. കൊല്ലങ്കോട് സ്വദേശിയുടെ പാലോട് ഗോവിന്ദൻകുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ 8ന് എറണാകുളത്തു നിന്നാണ് ആനയെ ലോറിയിൽ നിലമ്പൂരിൽ എത്തിച്ചത്.
പ്ലാച്ചോട്ടിൽ കേശവദാസിന്റെ പുരയിടത്തിലാണ് ആനയെ തളച്ചത്. എഴുന്നള്ളിപ്പിനിറക്കുന്നതിന് തൊട്ടുമുൻപ് ആനയെ കുളിപ്പിക്കാൻ ചങ്ങല അഴിച്ചു. അതു വരെ ശാന്തനായിരുന്ന ഗോവിന്ദൻകുട്ടി അസ്വസ്ഥത കാട്ടി. പാപ്പാന്മാരിൽ ഒരാളെ തുമ്പിക്കൈ കൊണ്ടു തട്ടിയിട്ടു. അയാൾ എഴുന്നേറ്റ് ഓടിമാറി. ഈ സമയം സാമൂഹിക വനവൽക്കരണ വിഭാഗം എസ്എഫ്ഒ പ്രമോദ് കുമാർ ആനയുടെ രേഖകൾ പരിശോധിക്കാൻ സ്ഥലത്തെത്തിയിരുന്നു. പുരയിടത്തിൽ ചുറ്റിനടന്ന ആനയെ തളയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചങ്ങലയിൽ കയറിന്റെ വടം കെട്ടി മരത്തിൽ ബന്ധിച്ചു.
അതിനിടെ ആന ഇടഞ്ഞ വാർത്ത നഗരത്തിൽ പരിഭ്രാന്തി പരത്തി. കോവിലകം റോഡിൽ കടകൾ അടച്ചു. ഡിവൈഎസ്പി ജി.ബാലചന്ദ്രൻ, ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. 4.30യോടെ ആന വടം പൊട്ടിച്ചു ഗേറ്റ് ചവിട്ടിത്തുറന്നു റോഡിലിറങ്ങി ടൗൺ ഭാഗത്തേക്ക് തിരിഞ്ഞു. വലത് വശത്തു കണ്ട ഗേറ്റ് ചവിട്ടിത്തുറന്നു. പി.രാമസ്വാമി എന്നയാളുടെ കെട്ടിടത്തിന്റെ പരിസരത്തെത്തി. അവിടെ നിന്ന് തിരിഞ്ഞപ്പോൾ കണ്ട സ്കൂട്ടർ തുമ്പിക്കൈ കൊണ്ട് എടുത്ത് ഓടയിലേക്കെറിഞ്ഞു. പിന്നീട് റോഡിലൂടെ നീങ്ങിയപ്പോൾ മുന്നിൽ ഇടുങ്ങിയ റോഡ് കണ്ടു കേശവദാസിന്റെ പുരയിടത്തിലേക്ക് മടങ്ങി. നാട്ടുകാരായ പി.സുധീഷ്, കെ.പ്രമോദ്, കെ.പ്രകാശൻ, ശരത് തുടങ്ങിയവർ പാപ്പാന്മാരുടെ സഹായത്തിനെത്തി. പഴക്കുല, തണ്ണി മത്തൻ എന്നിവ നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചു.

രണ്ടു തവണ പ്ലാസ്റ്റിക് വടങ്ങൾ എത്തിച്ച് ചങ്ങലയിൽ കെട്ടി മരത്തിൽ ബന്ധിച്ചെങ്കിലും വലിച്ച് അഴിച്ച് 2 തവണ റോഡിലിറങ്ങി. വീണ്ടും പുരയിടത്തിൽ കയറി. ബന്ധിക്കാൻ ശ്രമിച്ച പാപ്പാന്മാരെ പലതവണ ആക്രമിക്കാൻ ചെന്നു. വീടിന്റെ ചുറ്റുമതിൽ ഭാഗികമായി തകർക്കുകയും ചെയ്തു. പാത്രത്തിൽ നിന്നു വെള്ളം തുമ്പിക്കൈ കൊണ്ട് ദേഹത്തൊഴിച്ചു. 6ന് തൃശൂരിൽ നിന്നു എലിഫന്റ് സ്ക്വാഡ് എത്തി. 6.15ന് പിൻകാലുകൾക്ക് സംഘം കൂച്ചുവിലങ്ങിട്ടു ആനയെ തളച്ചു. 3 മണിക്കൂർ നീണ്ട പരിഭ്രാന്തി അപ്പോഴാണ് ഒഴിഞ്ഞത്. 7ന് ആനയെ ലോറിയിൽ കയറ്റി തിരികെ കൊണ്ടുപോയി.