ADVERTISEMENT

പെരിന്തൽമണ്ണ∙  ഷൊർണൂർ– നിലമ്പൂർ റൂട്ടിലെ യാത്രക്കാരുടെ സ്വപ്നമായ 2 മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിൽ ഇനി ആവശ്യം റെയിൽവേ ബോർഡിന്റെ അനുമതി. റെയിൽവേ പാലക്കാട് ഡിവിഷനിൽനിന്ന് ഇതുസംബന്ധിച്ച നിർദേശം ചെന്നൈ സോണൽ അധികൃതർക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി റെയിൽവേ ബോർഡിനും സമർപ്പിച്ചതായാണു വിവരം. ഷൊർണൂരിനും നിലമ്പൂരിനും ഇടയ്‌ക്കുള്ള 65 കിലോമീറ്റർ റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയിട്ട് ഏറെ നാളായി. പാലക്കാട് ഡിവിഷനിലെ മറ്റു പാതകളിലില്ലാത്ത ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മേലാറ്റൂരിലെ ചോലക്കുളത്തെ സബ് സ്‌റ്റേഷനിലും റെയിൽവേയുടെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിലും അധിക ആധുനിക സംവിധാനങ്ങൾ ഒരുക്കുന്ന റിലേ സെറ്റിങ്‌സ് പ്രവൃത്തി ഇപ്പോഴും നടക്കുകയാണ്. 

എക്‌സ്പ്രസ് ട്രെയിനുകൾക്ക് യോജിച്ച രീതിയിൽ പാതയിലെ  ഹാൾട്ട് സ്‌റ്റേഷനുകൾ ഉൾപ്പെടെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടലും ഏറെക്കുറെ പൂർത്തിയായി. എല്ലാവിധത്തിലും മെമു സർവീസുകളെ സ്വീകരിക്കാൻ പൂർണ സജ്ജമാണ് പാത. എറണാകുളം–ഷൊർണൂർ മെമു സർവീസ്, കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് എന്നിവ നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

 നിർദേശങ്ങൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പാലക്കാട് ഡിവിഷൻ ഉന്നത അധികൃതർ പറഞ്ഞു. രാത്രി 8.40ന് ഷൊർണൂരിലെത്തി വെറുതെ കിടക്കുന്ന എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ളതാണ് ഒരു നിർദേശം. രാത്രി ഒൻപതരയ്ക്കു ശേഷം നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ മൂന്നേകാലോടെ ഷൊർണൂരിലേക്ക് മടങ്ങി കണ്ണൂർ എക്‌സ്പ്രസായി യാത്ര തുടരുകയും ചെയ്യുന്ന വിധമാണ് ആലോചന.

 തിരുവനന്തപുരത്തു നിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്‌ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തുനിന്നെത്തുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്‌സ്പ്രസ്, യശ്വന്ത്‌പുര എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ ഷൊർണൂരിലെത്തുന്ന രാത്രിയാത്രക്കാർക്ക് ഇതോടെ തുടർയാത്രയ്‌ക്കു വഴിതെളിയും. പുലർച്ചെ നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന മെമുവിന് ഷൊർണൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു–ചെന്നൈ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാടെത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്‌സ്പ്രസ് ലഭിക്കും. 

കോഴിക്കോട്–മംഗളുരു ഭാഗത്തേക്ക് അതിരാവിലെ ഷൊർണൂർ–കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്‌റ്റ്, കണ്ണൂർ എക്‌്സപ്രസ് എന്നിവയ്‌ക്കും തൃശൂരിൽനിന്ന് കന്യാകുമാരി എക്‌സ്പ്രസ്, കൊച്ചുവേളി (വീക്കിലി), കൊച്ചുവേളി  സൂപ്പർ ഫാസ്‌റ്റ്, കൊച്ചുവേളി ഗരീബ്‌രഥ്, ആലപ്പുഴ സൂപ്പർഫാസ്‌റ്റ്, ഗുരുവായൂർ എക്‌്സപ്രസ് എന്നിവയിലെ യാത്രയ്‌ക്കും സാധ്യത തെളിയും. 

രാവിലെ 11.55ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് രണ്ടരയോടെ ഷൊർണൂരിലെത്തുന്ന കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടണമെങ്കിൽ പുതിയ സമയക്രമീകരണം വേണ്ടിവരും. ഈ ട്രെയിൻ നിലവിൽ 3.50ന് ആണ് ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്കു മടങ്ങുന്നത്. ട്രെയിൻ നീട്ടുകയാണെങ്കിൽ പാലക്കാട്, കോയമ്പത്തൂർ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. 

കോട്ടയം എക്‌സ്പ്രസ്: സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് ദുരിതം
 കോട്ടയം എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതമായി ശേഷിക്കുകയാണ്. എല്ലാ റെയിൽവേ സ്‌റ്റേഷനുകളിൽനിന്നും വലിയ തോതിൽ യാത്രക്കാരുള്ള കോട്ടയം എക്‌സ്പ്രസ് ട്രെയിനിന് നിലമ്പൂർ കഴിഞ്ഞാൽ നിലവിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്പുള്ളത്.

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ മെമു സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ വിവിധ സംഘടനകൾ നിരന്തമായി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ സതേൺ റെയിൽവേ ജനറൽ മാനേജരെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു.

English Summary:

Nilambur MEMU extension awaits approval. The proposal to extend MEMU services to Nilambur from Shornur will significantly improve connectivity and passenger convenience in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com