കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
Mail This Article
മലപ്പുറം∙ ബിൽഡിങ് പെർമിറ്റിന് കൈക്കൂലി വാങ്ങിയ കാവനൂർ പഞ്ചായത്ത് സെക്രട്ടറി അനിൽ വിജിലൻസിന്റെ പിടിയിലായി. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് അനിൽ പിടിയിലായത്. കാവനൂർ സ്വദേശിയായ പരാതിക്കാരന്റെ വീടിന്റെ കെട്ടിട പെർമിറ്റിനാണു 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിതാവിൽ നിന്ന് ഇഷ്ടദാനമായി ലഭിച്ച 5 സെന്റ് സ്ഥലത്ത് വീട് നിർമിക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നു പഞ്ചായത്തിലെ ഓവർസീയർ സ്ഥലം പരിശോധിച്ച് കെട്ടിട നിയമം പാലിച്ചാണു നിർമാണം നടത്തിയതെന്നു റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, കെട്ടിടത്തിനു 3 മീറ്റർ ഫ്രണ്ട് യാഡ് ഇല്ലെന്നു പറഞ്ഞു സെക്രട്ടറി അപേക്ഷ നിരസിച്ചു. പിന്നീട് പ്ലാൻ പുതുക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് 5,000 രൂപ നൽകിയാൽ കാര്യം നടത്താമെന്നു സെക്രട്ടറി അറിയിച്ചു. തുടർന്നാണു പരാതിക്കാരൻ വിവരം മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരനെ അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടു പരാതിക്കാരന്റെ ചെങ്ങരയിലെ വീടിനു മുന്നിൽവച്ചു പണം നൽകുമ്പോൾ പിടികൂടുകയായിരുന്നു.