ആറുവരി ദേശീയപാത: ചെനക്കൽ റോഡിലേക്ക് കടക്കാൻ ‘ഓഫ് റോഡ് ഡ്രൈവിങ്’; 150 മീറ്ററിൽ റോഡില്ല, കല്ലും മണ്ണും നിറഞ്ഞ പറമ്പ്

Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ആറുവരി ദേശീയപാത നിർമിച്ചതിനു പിന്നാലെ റോഡരികിൽ നീളത്തിൽ മണ്ണിളക്കിയത് ജനത്തിനു ദുരിതമായി. എൻഎച്ചിലെ കലുങ്കിൽനിന്ന് വെള്ളം ഒഴുകാൻ ഓട നിർമിക്കാനുള്ള സ്ഥലം കുഴിയായി കിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. സർവീസ് റോഡ് നിർമിക്കുമ്പോൾ ചെനക്കലേക്കുള്ള റോഡും എൻഎച്ചുമായുള്ള ബന്ധം വിഛേദിച്ചത് പുനഃസ്ഥാപിക്കാത്തതും പ്രശ്നമാണ്.
കിഴക്കുഭാഗത്തെ സർവീസ് റോഡ് കഴിഞ്ഞുള്ള ഭാഗം നടപ്പാതയ്ക്ക് അരികെയുള്ളത് ഇപ്പോൾ എൻഎച്ചിന്റെ ഭാഗമല്ല. 45 മീറ്റർ എൻഎച്ചിനു പുറത്താണ് ആ ഭൂമി. എൻഎച്ച് നിർമാണത്തിനിടെ ഈ ഭാഗത്ത് മണ്ണു തള്ളിയത് നീക്കിയില്ല. ഇതിനുപിന്നാലെ ജലജീവൻ മിഷൻ പൈപ്‌ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തതോടെ പ്രദേശമാകെ ചെമ്മണ്ണിൽ മുങ്ങി. ഭൂഗർഭ വൈദ്യുത കേബിൾ ശൃംഖല സ്ഥാപിക്കാൻ പിന്നെയും മണ്ണിളക്കി. ഇപ്പോൾ ചെറിയ കാറ്റ് വീശുമ്പോൾ പോലും പരിസരത്തെ സ്ഥാപനങ്ങളിലും വീടുകളിലും ചെമ്മണ്ണ് നിറയുകയാണ്. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇതുണ്ടാക്കുന്ന ദുരിതം ചെറുതല്ല. മണ്ണുനീക്കി കരിങ്കല്ലു പാകി പൊടി നിയന്ത്രിക്കണമെന്ന ആവശ്യം അധികാരികൾ കേട്ട ഭാവമില്ല.
എൻഎച്ചിൽ 45 മീറ്റർ നീളത്തിൽ കലുങ്ക് നിർമിച്ചിട്ട് മാസങ്ങളായി. പക്ഷേ, അതിനരികെ മഴയത്ത് വെള്ളം ഒഴുകേണ്ട സ്ഥലത്ത് ഇപ്പോൾ വൻ കുഴിയാണ്. അവിടെ ഓട നിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. എൻഎച്ചിനു പുറത്ത് മഴവെള്ളം തോട്ടിലേക്ക് ഒഴുക്കാൻ നിശ്ചിത ദൂരത്തിൽ ഓട നിർമിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഇതോടെ മഴപെയ്താൽ മണ്ണും കല്ലും ഒലിച്ചിറങ്ങി പ്രദേശത്താകെ ദുരിതം ഉറപ്പാണ്.
ചെനയ്ക്കൽ റോഡ് കോഹിനൂരിൽ എൻഎച്ചുമായി ബന്ധം ഇല്ലാതായതോടെ കോഹിനൂർ ജംക്‌ഷനിൽനിന്ന് മരാമത്ത് റോഡ് വഴി പാതയോരത്തെ കടകൾക്കു മുന്നിലൂടെ ചെനയ്ക്കൽ റോഡിലേക്കും തിരിച്ചും പോകേണ്ട ദുരിതമാണ് വാഹനയാത്രക്കാർക്ക്. ഏതാണ്ട് 150 മീറ്ററിൽ ഇവിടെ റോഡില്ല. കല്ലും മണ്ണും നിറഞ്ഞ പറമ്പിലൂടെ സാഹസികമായി വാഹനം ഓടിക്കേണ്ട അവസ്ഥയാണ്. ഈ ഭാഗത്ത് റോഡ് നിർമിക്കാമെന്ന് നേരത്തേ എൻഎച്ച് അധികൃതർ നാട്ടുകാരെ അറിയിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ റോഡ് നിർമാണത്തിന് ഒരു നീക്കവുമില്ല.