ട്രയൽ റൺ വിജയിച്ചിട്ടും ഷൊർണൂർ– നിലമ്പൂർ മെമു സർവീസ് ‘ഫ്രീസറിൽ’; തീരുമാനം കാത്ത് യാത്രക്കാർ

Mail This Article
പെരിന്തൽമണ്ണ ∙ ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ഉൾപ്പെടെയുള്ള സർവീസുകൾ കടലാസിൽ. റെയിൽവേ ബോർഡിന്റെ തീരുമാനം വൈകുന്നതാണു കാരണം. റെയിൽവേ ബോർഡ് തീരുമാനമെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകൂ. റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ ട്രയൽ റൺ ഉൾപ്പെടെ നടത്തി മെമു സർവീസ് ആരംഭിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് റെയിൽവേ ഉന്നത അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ബോർഡിന്റെ തീരുമാനം വേണമെന്നാണ് റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിന്റെ നിലപാട്.
രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ അടിയന്തര തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനം വൈകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ മാസം 16ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് രാത്രികാല മെമു സർവീസ് ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ദിവസങ്ങൾക്കകം എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് ഓടിത്തുടങ്ങുമെന്ന് അധികൃതർ സൂചനയും നൽകി. ഒരു വിധത്തിലുള്ള സാങ്കേതിക പ്രയാസങ്ങളുമില്ലാതെയാണ് ട്രയൽ റൺ പൂർത്തിയാക്കിയത്. പാതയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനിലും 12 കാർ മെമുവിന് ആവശ്യമായ പ്ലാറ്റ്‌ഫോം നീളംകൂട്ടലും നവീകരണവുമെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. രാത്രികാല മെമു സർവീസിനു പുറമേ പകൽ മെമുവും പ്രതീക്ഷിച്ചിരുന്നതാണ്.
റെയിൽവേ ബോർഡിന്റെ അനുമതി നേടിയെടുക്കുന്നതിന് വിവിധ തലങ്ങളിൽനിന്ന് ശക്തമായ സമ്മർദം ഉണ്ടായാലേ പദ്ധതിക്ക് വേഗമുണ്ടാകൂ എന്നതാണ് സ്ഥിതി. അതല്ലെങ്കിൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയുടെ വികസന കാര്യത്തിൽ പാലക്കാട് ഡിവിഷൻ അധികൃതർക്ക് താൽപര്യമുണ്ടെങ്കിലും ഉന്നത തലങ്ങളിൽ നിസ്സംഗതയുണ്ട്. രാത്രികാല മെമു സർവീസ് ആരംഭിച്ചാൽ ഏറെ യാത്രാ സാധ്യതകളാണ് യാത്രക്കാർക്കായി തുറന്നിടുക. എറണാകുളം–ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം മലയാള മനോരമയാണ് ആദ്യമായി മുന്നോട്ടു വച്ചത്.
നിലമ്പൂരിലേക്ക് വേണം റൈറ്റ് ട്രാക്ക് വാർത്താ പരമ്പരയിലും ഇതിന്റെ തുടർച്ചയായി നടന്ന ആശയക്കൂട്ടായ്മയിലും നിലമ്പൂർ പാതയിലെ രാത്രിയാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി ഉന്നയിക്കപ്പെട്ട പ്രധാന നിർദേശമായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായി യാത്രക്കാരുടെ വിവിധ സംഘടനകളും ജനകീയ കൂട്ടായ്മകളും പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയുമുൾപ്പെടെ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
ക്രോസിങ് സ്‌റ്റേഷനുകളുടെ ട്രാക് നിർമാണത്തിന് നടപടി തുടങ്ങി
∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പുതുതായി നിർമിക്കുന്ന ക്രോസിങ് സ്‌റ്റേഷനുകളുടെ ട്രാക് നിർമാണത്തിന് നടപടി തുടങ്ങി. കുലുക്കല്ലൂരിലെയും മേലാറ്റൂരിലെയും 2 ക്രോസിങ് സ്‌റ്റേഷനുകളുടെയും നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങി. ഇതോടെ ക്രോസിങ് സ്‌റ്റേഷനുകളുടെയും മുഴുവൻ അനുബന്ധ പ്രവൃത്തികളുടെയും ടെൻഡർ നടപടിയായി.
ഇവ പൂർത്തിയാകുന്നതോടെ പാതയിൽ ട്രെയിനുകൾക്ക് 13 കിലോമീറ്ററിനിടെ ഇരുവശത്തേക്കും മറികടന്ന് പോകാനാകും.ക്രോസിങ് സ്‌റ്റേഷനുകൾക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. സ്‌റ്റേഷനുകളുടെ വൈദ്യുതീകരണ ട്രാക്‌ഷൻ ഡിസ്‌ട്രിബ്യൂഷൻ സംവിധാനങ്ങൾ ഒഎച്ച്ഇ) ഒരുക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. 65 കിലോമീറ്റർ ദൂരമുള്ള പാതയിൽ നിലവിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിങ് സ്‌റ്റേഷനുകളുള്ളത്.
സിംഗിൾ ലൈൻ പാതയായതിനാൽ നിലവിൽ വാണിയമ്പലത്തു നിന്നോ ഷൊർണൂരിൽ നിന്നോ പുറപ്പെടുന്ന ട്രെയിനുകൾക്ക് 27 കിലോമീറ്റർ പിന്നിട്ട ശേഷമേ പരസ്‌പരം കടന്നുപോകാനാവൂ. ഇതിന്റെ ഭാഗമായി ട്രെയിനുകൾ പലപ്പോഴും പിടിച്ചിടേണ്ട സാഹചര്യമുണ്ടാകാറുണ്ട്. പാതയിൽ വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങിയതിനാൽ ക്രോസിങ് സ്‌റ്റേഷനുകൾ യാഥാർഥ്യമായാൽ സാധ്യതകളേറെയാണ്. കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിന് പാതയിൽ കൂടുതൽ സ്‌റ്റോപ് അനുവദിക്കുന്ന കാര്യത്തിലും അനുകൂല നടപടിയുണ്ടാകും.