ADVERTISEMENT

സമ്പന്ന കുടുംബത്തിലെ, പഠിക്കാൻ മിടുക്കിയായിരുന്ന ഒൻപതാം ക്ലാസുകാരി ലഹരിയുടെ ചിലന്തിവലയിൽ കുരുങ്ങിയതെങ്ങിനെ? പ്രണയത്തിന്റെ രൂപത്തിലെത്തിയാണു ലഹരി അവളുടെ ജീവിതതാളം തെറ്റിച്ചത്. മാളിൽ പോകണം, കൂട്ടുകാർക്ക് ട്രീറ്റ് കൊടുക്കണം, ബ്യൂട്ടി പാർലറിൽ പോകണം എന്നെല്ലാം പറഞ്ഞ് ആ ഒൻപതാം ക്ലാസുകാരി പണം ചോദിക്കും. മാതാവ് പണം കൊടുക്കും. പക്ഷേ, കിട്ടുന്ന പണം ഇതിനൊന്നുമല്ല ഉപയോഗിക്കുന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകൻ തൃശൂരിൽനിന്നു വരും. അവനുമായി കറങ്ങിനടക്കണം അതിനാണ്. പതിയെപ്പതിയെ കാമുകൻ ഈ പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി. ഉറക്കമില്ലായ്മയും അമിതവാശിയും ശ്രദ്ധയിൽപെട്ടതോടെയാണ് വീട്ടുകാർ കുട്ടിയെ കൗൺസലറുടെ മുൻപിൽ എത്തിക്കുന്നത്. യൂറിൻ പരിശോധിച്ചപ്പോൾ എംഡിഎംഎ എന്ന രാസലഹരിയുടെ സാന്നിധ്യം.

പെൺകുട്ടികൾ ലഹരിക്കുരുക്കിലേക്കു വീഴുന്നതു മിക്കവാറും പ്രണയത്തിലൂടെയാണെന്നു വിദഗ്ധർ പറയുന്നു. സ്വർണമുണ്ടാകും, പണമുണ്ടാകും– ഇവ കിട്ടാനുള്ള വഴി മാത്രമാണ് ലഹരിസംഘങ്ങൾക്കു പെൺകുട്ടികൾ. പെൺകുട്ടികൾ മാത്രമല്ല. വീട്ടമ്മമാർ വരെ ഈ കുരുക്കിൽ വീണുപോകുന്നുണ്ട്. 29 വയസ്സുകാരിയായ വീട്ടമ്മ മൂന്നു കുട്ടികളെയും ഉപേക്ഷിച്ച്, സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം പോയി. വീട്ടുകാർ കൊടുത്ത പരാതിയിൽ പൊലീസ് അന്വേഷിച്ച് ഇവരെ കണ്ടുപിടിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ കാമുകനൊപ്പം തന്നെ പോകണമെന്നായി വീട്ടമ്മ. കോടതി അത് അനുവദിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ യുവതി വീട്ടിലേക്കുതന്നെ തിരിച്ചെത്തി. വീടുവിട്ടുപോകുമ്പോൾ ഇരുപതിലേറെ പവൻ വരുന്ന ആഭരണങ്ങൾ കരുതിയിരുന്നു. തിരിച്ചെത്തുമ്പോൾ അതിലൊന്നുപോലും പക്കലുണ്ടായിരുന്നില്ല. കൂടാതെ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചു തുടങ്ങി. ‌

കൗൺസലറുടെ മുൻപിൽ എത്തിച്ചപ്പോഴാണു രാസലഹരിയെന്ന വില്ലനെ കണ്ടുപിടിക്കുന്നത്. ചികിത്സയിൽ കഴിയുന്നതിനിടയ്ക്കു മറ്റാരുടെയോ ഫോൺ ഉപയോഗിച്ചു വീണ്ടും കാമുകനെ വിളിച്ചു. ഒരു ദിവസം ആശുപത്രി അധികൃതർ നോക്കുമ്പോൾ, സംശയം തോന്നത്തക്ക രീതിയിലൊരു ജീപ്പും കുറേ ആൾക്കാരും ആശുപത്രി വളപ്പിൽ നിൽക്കുന്നു. ഉടൻ തന്നെ പൊലീസ് എത്തി. തോക്കടക്കമുള്ള ആയുധങ്ങളാണു ജീപ്പിൽനിന്നു പിടിച്ചത്. വീട്ടമ്മയെ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോകാൻ കാമുകനും സംഘവുമെത്തിയതാണ്. ചെറിയൊരു ഷോപ്പിങ്, ടൗണിലൊരു കറക്കം എന്നിങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങൾ കൊതിച്ചെത്തുന്ന പെൺകുട്ടികളെ വലയിൽ വീഴ്ത്താനുള്ള വഴിയാണ് ലഹരിസംഘത്തിനു പ്രണയം. പണം, അതു മാത്രമാണ് അവരുടെ ലക്ഷ്യം.

ലഹരിയിലുമുണ്ട്, ‘തന്ത വൈബ്’
പണ്ടുകാലത്തു നാട്ടിൻപുറങ്ങളിൽ ലഭ്യമായ പ്രധാന ലഹരിവസ്തു മദ്യമായിരുന്നു. പിന്നീടു യഥേഷ്ടം കഞ്ചാവു ലഭിച്ചു തുടങ്ങി. ന്യൂജെൻ രാസലഹരികളുടെ കാലത്തു കള്ളും കഞ്ചാവുമൊക്കെ ‘തന്ത വൈബാണ്’. മെതാംഫിറ്റമിനും എംഡിഎംഎയുമെല്ലാം ഗ്രാമങ്ങളിൽ പോലും സുലഭമായി മാറുന്നു. പൊലീസും എക്സൈസുമെല്ലാം പിടിക്കുന്ന ലഹരിവസ്തുക്കളുടെ കണക്കുകളിൽ ഇതു വ്യക്തമാണ്. കോവിഡ് കാലത്തിനു ശേഷമാണു ലഹരിയുടെ ഒഴുക്കു വൻതോതിൽ കൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ഓൺലൈനിൽ ലഹരിയിലേക്കു തുറക്കുന്ന വഴികളുള്ളതാണു വർധനയ്ക്കുള്ള ഒരു കാരണം. ലഹരിയുടെ ‘ട്രാക്ക് മാറ്റം’ വ്യക്തമാക്കുന്ന കണക്കുകൾ ഇതാ. 2022ൽ ജില്ലയിൽ ആകെ പിടികൂടിയ കഞ്ചാവ് – 446 കിലോഗ്രാം. ഈ കാലയളവിൽ പിടികൂടിയ എംഡിഎംഎ 441.772 ഗ്രാം. 2023ലെത്തിയപ്പോൾ കണക്ക് ഇങ്ങനെ മാറി. പിടികൂടിയ കഞ്ചാവ് – 84.2 കിലോഗ്രാം. എംഡിഎംഎ – 1114.818 ഗ്രാം പിടികൂടിയ കഞ്ചാവിന്റെ അളവു കുറഞ്ഞപ്പോൾ എംഡിഎംഎയുടേത് ഇരട്ടിയിലേറെയായി. 

കഴിഞ്ഞ 6 മാസത്തെ കണക്ക് ഇപ്രകാരമാണ്.  കഞ്ചാവ്: 152 കി.ഗ്രാം, എംഡിഎംഎ: 67.44 ഗ്രാം, മെതാംഫിറ്റമിൻ: 332.14 ഗ്രാം, ബ്രൗൺ ഷുഗർ: 3.94 ഗ്രാം. ജില്ലയിലെ കള്ളുഷാപ്പുകളുടെ എണ്ണം പകുതിയോളമായി. നാനൂറിനടുത്തു ഷാപ്പുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് ഇരുനൂറിൽ താഴെ ഷാപ്പുകൾ മാത്രം. 10 വർഷത്തിനിടെയാണ് ഈ മാറ്റമെന്നു ചെത്തുതൊഴിലാളി ഫെഡറേഷൻ നേതാക്കൾ പറയുന്നു.

ലഹരിക്ക് ചെറുപ്പമാകുന്നു
ലഹരിക്കേസിൽ പിടിയിലാകുന്നവരുടെ പ്രായത്തിലുമുണ്ട് തലമുറമാറ്റം. നേരത്തേ അനധികൃത വാറ്റ്, വ്യാജമദ്യ വിതരണം തുടങ്ങിയ കേസുകളാണ് എക്സൈസിനു മുന്നിൽവന്നിരുന്നത്. ഇതിലെ പ്രതികളിൽ 95% പേരും മധ്യവയസ്സ് പിന്നിട്ടവരായിരുന്നു. എന്നാൽ, രാസലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ കണക്കു നേരെ തിരിച്ചാണ്. പിടിയിലാകുന്നവരിൽ 95% പേരും 25 വയസ്സിനു താഴെയുള്ളവരാണ്. 21–25 വയസ്സുകാരാണു കൂടുതൽ. പെൺകുട്ടികളും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന്, പിടിയിലാകുന്നവരുടെ കണക്കുകളിൽനിന്നു വ്യക്തം.

English Summary:

Drug addiction among girls and women is a growing problem, often stemming from manipulative relationships. Exploitation by drug gangs for financial gain further exacerbates this tragic situation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com