40 വർഷം മുൻപ് ഇന്ത്യയുടെ ‘ലോകവിജയം’: പത്രം ഇവിടെയുണ്ട്

Mail This Article
വണ്ടൂർ∙ 40 വർഷം മുൻപ് ഇന്ത്യയുടെ ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടവിജയ വാർത്ത പ്രസിദ്ധീകരിച്ച ‘മലയാള മനോരമ’ പത്രവുമായി തിരുവാലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ.ജയ്‌ദേവ്. ഓസ്ട്രേലിയയിലെ മെൽബണിലെ ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടിയതിനു 40 വയസ്സു തികയുമ്പോഴാണ് ഇന്ത്യ വീണ്ടും ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലൂടെ ചരിത്രവിജയം നേടിയത്. ഇതോടെ തോടയത്തെ വീട്ടിൽ പഴയ പത്രക്കെട്ടുകൾക്കിടയിൽനിന്ന് ആ പത്രം വീണ്ടും പൊടിതട്ടിയെടുത്തു ജയ്ദേവ്.
1985 മാർച്ച് 10ന് ബെൻസൻ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ സുനിൽ ഗാവസ്കറും സംഘവും പാകിസ്ഥാനെതിരെ 8 വിക്കറ്റ് വിജയത്തോടെയാണു ട്രോഫി നേടിയത്. ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ യൂറോപ്യൻ കുടിയേറ്റത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചാംപ്യൻഷിപ്. ഇന്ത്യയുൾപ്പെടെ 7 ടീമുകളാണ് അന്നു പങ്കെടുത്തത്.
ക്യാപ്റ്റനെന്ന നിലയിൽ സുനിൽ ഗാവസ്കറുടെ അവസാന മത്സരവും ഇതായിരുന്നു. കിരീടനേട്ടത്തിന് അന്നത്തെ പത്രങ്ങളിലെല്ലാം വലിയ വാർത്താപ്രാധാന്യം ലഭിച്ചു. ‘ലോകവിജയം ഇന്ത്യയ്ക്ക്’ എന്ന തലക്കെട്ടിലാണു മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. സുനിൽ ഗാവസ്കറിന്റെയും കെ.ശ്രീകാന്തിന്റെയും രവി ശാസ്ത്രിയുടെയും മറ്റു താരങ്ങളുടെയും വിജയാഹ്ലാദവും മത്സരത്തിനിടയിലെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.