‘ചൂടുപിടിച്ച’ അന്വേഷണം! നിന്നുതിരിയാൻ ഇടമില്ലാത്ത കെട്ടിടം; അസൗകര്യങ്ങളിൽ നട്ടംതിരിഞ്ഞ് കരിപ്പൂർ പൊലീസ് സ്റ്റേഷൻ

Mail This Article
കരിപ്പൂർ∙ പ്രതികളെ പിടിച്ചാൽ ലോക്കപ്പ് ഇല്ലാത്തതിനാൽ, ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷന്റെ അകത്തേക്കും പുറത്തേക്കുമുള്ള വാതിൽ അടയ്ക്കണം. ഈ സമയം, പരാതി പറയാൻ എത്തുന്നവരാണെങ്കിലും അവർ പുറത്തുനിൽക്കണം. പരാതിക്കാർക്ക് അകത്ത് ഇരിക്കാനുള്ള സൗകര്യമില്ലെന്നു മാത്രമല്ല, പൊലീസുകാർക്കുതന്നെ അവിടെ നിന്നുതിരിയാൻ ഇടമില്ല. സ്വർണക്കടത്ത് ഉൾപ്പെടെ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്യുന്ന കരിപ്പൂർ സ്റ്റേഷന്റെ സ്ഥിതിയാണിത്.
16 വർഷമായി വാടകക്കെട്ടിടത്തിലാണു പ്രവർത്തനം. ഇതിനിടെ, ബാങ്കിന്റെ ജപ്തിഭീഷണിപോലും നേരിട്ട കെട്ടിടമാണിത്. ഒരു സ്റ്റേഷനു വേണ്ട സൗകര്യമൊന്നും ഇവിടെയില്ല. നല്ല ശുചിമുറിയില്ല, വിശ്രമമുറിയില്ല, രേഖകളോ ആയുധങ്ങളോ സൂക്ഷിക്കാനുള്ള സ്ഥലമില്ല. പ്രതികളെ പിടികൂടിയാൽ കൊണ്ടോട്ടി സ്റ്റേഷനിലേക്ക് എത്തിച്ച് അവിടെ കാവൽ നിൽക്കണം.
കോഴിക്കോട് വിമാനത്താവളത്തിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിനും മറ്റുമായി ആരംഭിച്ചതാണ് സ്റ്റേഷൻ എങ്കിലും കരിപ്പൂരിൽനിന്ന് 3 കിലോമീറ്റർ അകലെ കുമ്മിണിപ്പറമ്പിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2009 ഫെബ്രുവരി 10നായിരുന്നു ഉദ്ഘാടനം. നിലവിൽ, നാലു വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 46 പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ഹോം ഗാർഡും സ്റ്റേഷനിലുണ്ട്. പൊലീസുകാർ ഒന്നിച്ചെത്തിയാൽ ഇരിക്കാനുള്ള സൗകര്യം ഈ വാടകക്കെട്ടിടത്തിലില്ല. പുറത്ത്, ഷീറ്റ് മേഞ്ഞ ചെറിയ ഷെഡിലും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു. കെട്ടിടം നിർമിക്കാൻ പലതവണ സർക്കാർ അനുമതിയായിട്ടും സ്റ്റേഷൻ പ്രവർത്തിക്കാനാവശ്യമായ സ്ഥലം കണ്ടെത്താൻ ഇതുവരെ അധികൃതർക്കുസാധിച്ചിട്ടില്ല.