മെതാംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Mail This Article
പെരിന്തൽമണ്ണ∙ മാലാപറമ്പ് ഭാഗത്തുനിന്നു ലഹരിമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുന്ന് സ്വദേശി കാലൊടി ജാബിറിനെ(33) ആണ് പെരിന്തൽമണ്ണ എസ്ഐ ശ്രീനിവാസനും സംഘവും പിടികൂടിയത്. 7.570 ഗ്രാം മെതാംഫിറ്റമിനും ഇയാളിൽനിന്നു പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡും പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു. ഇടനിലക്കാരായി നിന്നു വൻതോതിൽ ലഹരി കൈമാറ്റവും ഉപയോഗവും നടത്തുന്ന, കോട്ടയ്ക്കൽ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ നിരീക്ഷിച്ചതോടെയാണു പ്രതിയെ അറസ്റ്റ് ചെയ്യാനായത്.
ലഹരിക്കടത്ത് സംഘത്തിൽപെട്ടവരെക്കുറിച്ചു സൂചനകൾ ലഭിച്ചതായും ശക്തമായ പരിശോധന തുടരുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രബേഷൻ എസ്ഐ നിതിൻ, എസ്‌സിപിഒമാരായ കൈലാസ്, പ്രശാന്ത് എന്നിവരും ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും സംഘത്തിലുണ്ടായിരുന്നു. മങ്കട ഇൻസ്‌പെക്‌ടർ ഗിരീഷിന്റെ സാന്നിധ്യത്തിലാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.