കാർഗോ വഴി എംഡിഎംഎ കടത്ത്: പ്രതിക്കെതിരെ കൂടുതൽ കേസുകൾ
Mail This Article
കൊണ്ടോട്ടി∙ ലഹരിക്കേസിൽ റിമാൻഡിൽ കഴിയുന്ന കൊണ്ടോട്ടി മുക്കൂട് സ്വദേശി പി.ആഷിഖ് (26) കൂടുതൽ ലഹരിക്കേസുകളിൽ പ്രതിയാകുമെന്നു പൊലീസ്. നിലവിൽ കൊച്ചിയിലെ ഒരു കേസിലാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ കൊച്ചി കേന്ദ്രീകരിച്ചുള്ള മറ്റ് ആറു കേസുകളിൽകൂടി ആഷിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഒന്ന് എക്സൈസും മറ്റുള്ളവ പൊലീസും പിടികൂടിയതാണ്. ഈ കേസുകളിലെല്ലാം ലഹരി എത്തിയത് ആഷിഖ് വഴിയാണ് എന്നാണു പൊലീസ് നിഗമനം. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മട്ടാഞ്ചേരി പൊലീസ് ആഷിഖിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങിയേക്കും. വൈകാതെ, കൂടുതൽ അന്വേഷണങ്ങൾക്കായി കരിപ്പൂർ പൊലീസും കസ്റ്റഡിയിൽ വാങ്ങും.
ഒമാനിൽനിന്ന് കാർഗോ വഴി വീട്ടിലെത്തിച്ച ഒന്നര കിലോഗ്രാമിലേറെ എംഡിഎംഎ കഴിഞ്ഞദിവസം ആഷിഖിന്റെ വീട്ടിൽനിന്നു കരിപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മഞ്ചേരി കോടതിയിൽ ഹാജരാക്കി. ഒമാനിൽനിന്ന് കൂടുതൽ തവണ ലഹരി എത്തിയിട്ടുണ്ടെന്നാണു പൊലീസ് നിഗമനം. ലഹരിക്കടത്തിനു പിന്നിലുള്ള വിദേശബന്ധവും ആഷിഖിനെ സഹായിക്കുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.