ഇന്റർനെറ്റിന് സ്പീഡില്ല; ടെലികോം കമ്പനി റീചാർജ് തുകയും 15,000 രൂപയും നൽകണം
Mail This Article
മലപ്പുറം ∙ വാഗ്ദാനം ചെയ്ത ഇന്റർനെറ്റ് സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. കോഡൂർ സ്വദേശി എം.ടി.മുഹമ്മദ് മുർഷിദ് നൽകിയ പരാതിയിലാണു കമ്മിഷന്റെ ഉത്തരവ്. മൊബൈൽ റീ ചാർജ് ചെയ്ത 349 രൂപയും നഷ്ടപരിഹാരത്തിനൊപ്പം കമ്പനി നൽകണം. ഒരു മാസത്തിനകം ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ 9% പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരൻ വർഷങ്ങളായി ജിയോ സിം കാർഡാണ് ഉപയോഗിക്കുന്നത്. കമ്പനിയുടെ ഇന്റർനെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലുമായി 3 പരാതികൾ നൽകി. ഇതിനിടെ, 5ജി ഇന്റർനെറ്റ് സേവനം ലഭിക്കുമെന്ന കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച് 349 രൂപയ്ക്കു റീ ചാർജ് ചെയ്തു. വാഗ്ദാനം ചെയ്ത സേവനം ലഭിക്കാതായതോടെ കസ്റ്റമർ കെയർ വഴിയും ഇ മെയിൽ വഴിയും കമ്പനിക്കു പരാതി നൽകി. 48 മണിക്കൂറിനകം പ്രശ്നം പരിഹരിക്കാമെന്നു മറുപടി ലഭിച്ചെങ്കിലും ഒന്നുമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നു. തുടർന്നാണ് 50,000 രൂപയും കോടതിച്ചെലവിലേക്കായി 10000 രൂപയും ആവശ്യപ്പെട്ടു മുർഷിദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
പരാതിയിലെ ആരോപണങ്ങൾ കമ്പനി തള്ളിയെങ്കിലും റീ ചാർജ് ചെയ്ത രേഖകളും ഇ മെയിൽ നൽകിയ അപേക്ഷയും അതിന്റെ മറുപടിയും പരാതിക്കാരൻ കമ്മിഷനു മുന്നിൽ ഹാജരാക്കി. ഇതു പരിഗണിച്ചാണു 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവിലേക്കായി 5000 രൂപയും നൽകാൻ കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇല്യാസ് എന്നിവർ അംഗങ്ങളുമായ കമ്മിഷൻ വിധിച്ചത്.