ചുരം റോഡ് പുനർനിർമാണമില്ല; തകർന്ന ഭാഗങ്ങളിൽ നവീകരണം മാത്രം

Mail This Article
എടക്കര∙ നാടുകാണി ചുരം റോഡ് തമിഴ്നാടിന്റെ ഭാഗത്ത് നവീകരണം തുടങ്ങി. റോഡ് തകർന്ന ഭാഗങ്ങളിലാണ് പ്രവൃത്തി. സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള 5 കിലോമീറ്ററോളം ദൂരത്തിനിടയിൽ ഒട്ടേറെയിടങ്ങളിലാണ് റോഡ് തകർന്നിട്ടുള്ളത്. ഇതിൽ ചിലയിടങ്ങളിൽ പൂട്ടുകട്ട വിരിച്ചാണ് യാത്രായോഗ്യമാകുന്നത്. ചുരം റോഡ് തമിഴ്നാടിന്റെ ഭാഗത്ത് ഉയർന്ന നിലവാരത്തിൽ പുനർനിർമാണം നടത്തണമെന്നാണ് ആവശ്യമുയർന്നിരുന്നത്.
20 വർഷം മുൻപാണ് റോഡ് പുനർനിർമാണം നടത്തിയത്. അതിനുശേഷം തകർച്ച നേരിടുന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണി മാത്രമാണ് ചെയ്തുവരുന്നത്. ഇത് ഏറെക്കഴിയും മുൻപേ വീണ്ടും തകർച്ച നേരിടും. നീലഗിരിയിലെ മറ്റു പ്രധാന റോഡുകളെല്ലാം ഉയർന്ന നിലവാരത്തിൽ പുനർനിർമാണം നടത്തിയെങ്കിലും ചുരം റോഡ് മാത്രം ഇതിലുൾപ്പെടുത്തിയിട്ടില്ല. റോഡ് പ്രവൃത്തി ചെയ്യുന്ന കരാറുകാരുടെ ലോബിയാണ് ഇതിനു തടസ്സം നിൽക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ വർഷംതോറും വലിയ തുകയാണ് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.