തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ: നേത്രോന്മീലനം 14ന്

Mail This Article
പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിന്റെ ചുമരുകൾ പറയും ക്ഷേത്രോൽപത്തിയുടെ മിഴിവാർന്ന കഥ. പ്രകൃതിദത്ത വർണങ്ങളിലൊരുക്കിയ ചുമർചിത്രങ്ങൾ 14ന് മിഴി തുറക്കുന്നതു കാത്തിരിക്കുകയാണ് ഭക്തജനങ്ങൾ. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബുവിന്റെ നേതൃത്വത്തിൽ, സൂരജ് രാജൻ, സുദർശനൻ, മോനിഷ് താഴത്തയിൽ, ശ്രീജിത്ത് സുഭാഷ്, അക്ഷയ് വേണുഗോപാൽ, എസ്.കാർത്തിക്, നിധിൻ എന്നിവർ ചേർന്നാണു 4 മാസത്തോളം എടുത്തു ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കിയത്. അര നൂറ്റാണ്ടു മുൻപു വരച്ച ചിത്രങ്ങൾ ഇടയ്‌ക്ക് ഒരു തവണ മാത്രമാണു നവീകരിച്ചത്. ഒരു ഭക്തന്റെ വഴിപാടായാണ് ഇപ്പോഴത്തെ നവീകരണം.
കാലപ്പഴക്കം മൂലം അവ്യക്തമായ രീതിയിലായിരുന്നു ചിത്രങ്ങൾ. അര നൂറ്റാണ്ട് മുൻപു ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്‌ണൻകുട്ടി നായരുടെ നേതൃത്വത്തിലാണ് ഇവ വരച്ചത്. 2004–2005 കാലഘട്ടത്തിൽ കെ.കെ.വാരിയരുടെ നേതൃത്വത്തിൽ നവീകരിച്ചിരുന്നു. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടാൽ ഇനിയും ഏറെക്കാലം ചിത്രങ്ങൾ നിലനിൽക്കുമെന്ന് എം.നളിൻബാബു പറഞ്ഞു. ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട കഥകളിലൂന്നിയ 12 ചിത്രങ്ങളാണ് ശ്രീകോവിൽ ചുവരുകളിൽ ഉള്ളത്. ഇതോടൊപ്പം കിരാതമൂർത്തിയും പാശുപതാസ്ത്രം വാങ്ങുന്ന അർജുനനും ഉണ്ട്. ശ്രീകൃഷ്ണനും സുബ്രഹ്മണ്യനും ദ്വാരപാലകരും ഗണപതിയുമുണ്ട്. കഴിഞ്ഞ നവംബറിലാണു നവീകരണം തുടങ്ങിയത്. ഫെബ്രുവരിയിൽ പൂർത്തിയായി.
മമ്മിയൂർ കൃഷ്‌ണൻകുട്ടി നായരുടെ ശിഷ്യനാണ് എം.നളിൻബാബു. ചിത്രങ്ങളുടെ മിഴി തുറക്കലും സമർപ്പണവും 14ന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയാണു നിർവഹിക്കുക. ചിത്രരചനയ്‌ക്കു നേതൃത്വം നൽകിയ കലാകാരന്മാരുടെ സംഘത്തെ അന്ന് ദേവസ്വം ആദരിക്കും. ചുമർചിത്രങ്ങൾക്ക് നാശം സംഭവിക്കാത്ത വിധം സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ പറഞ്ഞു.
ഉപയോഗിച്ചത് കൽപൊടിയും ഇലച്ചാറുകളും
കൽപൊടിയും ഇലച്ചാറുകളും എണ്ണക്കരിയും ആര്യവേപ്പിൻ പശയുമെല്ലാമാണു ചിത്രങ്ങൾ നവീകരിക്കാൻ ഉപയോഗിച്ചത്. മഞ്ഞ, ചുവപ്പ് വർണങ്ങൾക്കു കല്ലുകളാണ് ഉപയോഗിച്ചത്. പച്ചനിറത്തിനു നീല അമരി ഇടിച്ചുപിഴിഞ്ഞ ചാറും ഇരുവിക്കറയും ചേർക്കാറുണ്ട്. ഇവിടെ കട്ടനീലത്തിൽ ഇരുവിക്കര ചേർത്താണു പച്ചനിറം ഉണ്ടാക്കിയത്. കറുപ്പിന് എണ്ണക്കരിയാണ് ഉപയോഗിച്ചത്. പശയ്ക്കു പകരമായി ആര്യവേപ്പിൻ കറയാണ് ഉപയോഗിച്ചത്. ചുമരിനു വെള്ള നിറം നൽകാൻ ഇളനീർ കലക്കിയ കുമ്മായമാണ് ഉപയോഗിച്ചത്. ഇയ്യാംപുല്ല് പാലിൽ പുഴുങ്ങി വെയിലത്ത് ഉണക്കി മുളന്തണ്ടിൽ കെട്ടിയാണു ബ്രഷിനു പകരം ഉപയോഗിച്ചത്.