കൈക്കൂലി: രണ്ടാമത്തെ വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിൽ

Mail This Article
വണ്ടൂർ∙ സ്ഥലത്തിനു പട്ടയം ലഭിക്കാൻ രേഖ നൽകുന്നതിനു കൈക്കൂലി വാങ്ങിയ കേസിൽ തിരുവാലി വില്ലേജ് ഓഫിസിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവാലി ചാത്തക്കാട് സ്വദേശി ശരത്തിനെയാണ് കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ തിരുവാലി വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ നിഹ്‌മത്തുല്ല അറസ്റ്റിലായിരുന്നു.
കിഴിശ്ശേരി കുഴിമണ്ണ സ്വദേശിയുടെ 1.34 ഏക്കർ ഭൂമിയിലെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുതിരുത്തി നൽകാനായി നിഹ്‌മത്തുല്ല 7.3 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണു പരാതി ലഭിച്ചത്. ഇതിൽ 50,000 രൂപ കൈമാറുന്നതിനിടെയാണു നിഹ്‌മത്തുല്ലയെ കാരക്കുന്നിൽനിന്ന് വിജിലൻസ് പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശരത്തിനെയും പ്രതിചേർത്ത് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ വിശദ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു.