5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ

Mail This Article
തിരൂർ∙ ഒഡീഷയിൽനിന്നു കഞ്ചാവെത്തിച്ച് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിൽപന നടത്തുന്ന ഇടുക്കി സ്വദേശിയായ യുവാവിനെ തിരൂരിൽനിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂരിലും തിരൂരിലുമായി 5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേൽ സനീഷ് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 27ന് ആണ് വണ്ടൂർ, തിരൂർ എന്നിവിടങ്ങളിൽനിന്നായി 5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. നിലമ്പൂർ എക്സൈസ് സംഘം ഇയാളാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു.
നിലമ്പൂർ എക്സൈസും തിരൂർ എക്സൈസും ചേർന്ന് ഇയാളെ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പിടികൂടിയത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, തിരൂർ സർക്കിൾ ഇൻസ്പെക്ടർ എ.സാദിഖ്, അസി. ഇൻസ്പെക്ടർമാരായ പി.വി.സുഭാഷ്, കെ.എം.ബാബുരാജ്, മുസ്തഫ ചോലയിൽ, ഉദ്യോഗസ്ഥരായ രവീന്ദ്രനാഥ്, ടി.കെ.സതീഷ്, സബിൻ ദാസ്, ദിനേശ്, റിബീഷ്, അരുൺരാജ്, ദീപു, മഹമൂദ്, അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.