നാടുകാണി ചുരത്തിൽ വീണ്ടും അപകടം; കാർ കൊക്കയിലേക്ക് മറിഞ്ഞു

Mail This Article
എടക്കര∙ നാടുകാണി ചുരത്തിൽ ചെറിയ കല്ലളയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു. ഗൂഡല്ലൂരിൽനിന്നു നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് കൊക്കയിലേക്ക് പതിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 20 മീറ്ററോളം താഴ്ചയിൽ ചെന്നാണ് കാർ നിന്നത്. കാറിലെ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സംസ്ഥാന അതിർത്തിയിൽനിന്ന് അര കിലോമീറ്റർ അപ്പുറം കല്ലള ഭാഗത്ത് റോഡിന്റെ ഒരു വശത്തെ ചെരിവും സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. 2 മാസം മുൻപ് ഇതേ സ്ഥലത്ത് ടൂറിസ്റ്റ് സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് യാത്രക്കാർക്കു ഗുരുതര പരുക്കേറ്റിരുന്നു.
6 മാസത്തിനിടയിൽ ഏഴാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത്. ഇതിൽ ചരക്കുലോറി മറിഞ്ഞ് 50 അടിയോളം താഴ്ചയിൽ ചെന്ന് മരത്തിൽ തങ്ങിയാണ് നിന്നത്. റോഡിന്റെ ശേചനീയാവസ്ഥ കാരണം അപകടങ്ങൾ തുടർ സംഭവമാകുമ്പോഴും പരിഹാരം കാണാൻ തമിഴ്നാട് ഹൈവേ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.