വീട്ടുമുറ്റത്ത് വാഹനം കത്തിയ സംഭവം; പ്രതി പിടിയിൽ

Mail This Article
കൊളത്തൂർ∙ കുരുവമ്പലത്ത് വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ട വാൻ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. വാൻ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തു. മുക്കം മേലാത്തുവരിക്കർ വീട്ടിൽ അബ്ദുൽ ജാലിലിനെ (46) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7ന് രാത്രി മൂർക്കൻചോലയിൽ ഷുക്കൂറിന്റെ വാഹനമാണു കത്തിയത്. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അർധരാത്രിയോടെ ബൈക്കിലെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി വാൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി പൊലീസിനെ കബളിപ്പിക്കാൻ വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് കാണിച്ച് വാട്സാപ് സ്റ്റാറ്റസുകളും സന്ദേശങ്ങളും സുഹൃത്തുക്കൾക്കും മറ്റും അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ നമ്പറുകളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ പുലർച്ചെ പിടികൂടിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ ശങ്കരനാരായണൻ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ, സജി, ഗിരീഷ്, സജീർ, വിജയൻ, സുധീഷ്, ഉല്ലാസ്, സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.