കോഴിക്കോട്ടുനിന്നുള്ള യാത്രാനിരക്കിലെ വർധന: ഹജ് പുറപ്പെടൽ കേന്ദ്രം മാറ്റാൻ അനുമതിതേടി കൂടുതൽ പേർ

Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ കൂടിയ വിമാന ടിക്കറ്റ് നിരക്കുമൂലം ഹജ് യാത്ര കരിപ്പൂരിൽനിന്നു കണ്ണൂരിലേക്ക് മാറ്റാൻ അപേക്ഷ നൽകിയത് ആയിരത്തിലേറെ പേർ. നൂറുകണക്കിനു തീർഥാടകർ കരിപ്പൂരിൽനിന്നു കൊച്ചിയിലേക്കും മാറാൻ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷിച്ചവർക്കെല്ലാം വിമാനത്താവളം മാറാൻ അനുമതി നൽകണമെന്നാണു തീർഥാടകരുടെ ആവശ്യം. 516 പേർക്ക് കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കു മാറാൻ ഇന്നലെ അവസരം ലഭിച്ചു. അതുപോലെ അപേക്ഷിച്ച മുഴുവൻ പേരെയും പരിഗണിക്കണമെന്നാണ് തീർഥാടകർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം 40,000 രൂപ അധികമാണ് കോഴിക്കോട്ടുനിന്നുള്ള ഹജ് വിമാന യാത്രാ നിരക്ക്. ഇതാണു വിമാനത്താവളം മാറ്റി നൽകണമെന്ന ആവശ്യവുമായി തീർഥാടകർ രംഗത്തെത്താൻ കാരണം. ഒരു കുടുംബത്തിൽനിന്നുതന്നെ നാലും അഞ്ചും പേർ ഹജ് യാത്ര നടത്തുന്നവരുണ്ട്. ഭീമമായ തുകയാണ് അവർക്ക് അധികമായി നൽകേണ്ടിവരുന്നത്.
ഹജ് മന്ത്രി, സംസ്ഥാന ഹജ് കമ്മിറ്റി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ –സംഘടനാ നേതാക്കൾ തുടങ്ങിയവർ കോഴിക്കോട് വിമാനത്താവളത്തിലെ ഹജ് യാത്രാ നിരക്ക് കുറക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെയും കേന്ദ്ര ഹജ് കമ്മിറ്റിയെയും സമീപിച്ചിരുന്നു. എന്നാൽ, നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന തരത്തിലുള്ള മറുപടികളാണു ലഭിച്ചത്.
ഇതിനിടെയാണ് 516 പേർക്ക് മാറാൻ അവസരം ലഭിക്കുന്നത്. കണ്ണൂരിൽ വിമാന സീറ്റുകൾ ലഭ്യമായതാണു കാരണം. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആണ് ഹജ് സർവീസ് നടത്തുന്നത്. അതിനാൽ സീറ്റ് ലഭ്യതയ്ക്കനുസരിച്ച് മാറ്റം എളുപ്പമാകും.എന്നാൽ, കൊച്ചിയിൽനിന്ന് സൗദി എയർലൈൻസ് ആണ് സർവീസ്.വിമാനക്കമ്പനി അറിയിച്ചതുപ്രകാരം ഹജ് പുറപ്പെടൽ കേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നവരിൽ 516 പേരുടെ യാത്ര കോഴിക്കോടിനു പകരം കണ്ണൂർ വഴിയാക്കാം എന്നു കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ ഇന്നലെ സംസ്ഥാന ഹജ് കമ്മിറ്റിയെ അറിയിച്ചു.
നിലവിൽ ഹജ് അപേക്ഷയിൽ കോഴിക്കോട് വിമാനത്താവളം ഒന്നാം ഓപ്ഷനും കണ്ണൂർ രണ്ടാം ഓപ്ഷനും ആയി നൽകിയവർക്കു മാത്രമാണ് മാറാൻ സാധിക്കുക. 1,423 പേരാണ് ഈ രീതിയിൽ ഹജ് അപേക്ഷ സമർപ്പിച്ചത്. ഇവർക്ക് ഹജ് പുറപ്പെടൽ കേന്ദ്രം മാറുന്നതിന് പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിനു കൃത്യമായ മാർഗനിർദേശങ്ങൾ കേന്ദ്ര ഹജ് കമ്മിറ്റി ഉടൻ പുറത്തിറക്കുമെന്നു ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു.