ഹെറോയിനും എംഡിഎംഎയുമായി രണ്ടിടത്ത് രണ്ടുപേർ പിടിയിൽ

Mail This Article
മഞ്ചേരി/കൽപകഞ്ചേരി ∙ മഞ്ചേരിയിൽ 10.103 ഗ്രാം ഹെറോയിനും കൽപകഞ്ചേരിയിൽ 10 മില്ലിഗ്രാം എംഡിഎംഎയും പിടികൂടി. മുള്ളമ്പാറ നെച്ചിക്കുണ്ടിൽ നിന്നു 10.103 ഗ്രാം ഹെറോയിനുമായി ഉത്തർപ്രദേശ് റായ്ബറേലി ഉത്തര ഗൗരി സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ആവശ്യക്കാർക്ക് പ്ലാസ്റ്റിക് ഡപ്പിയിലാക്കിയാണ് വിൽപന നടത്തിയിരുന്നത്. പ്ലാസ്റ്റിക് ഡപ്പികൾ കസ്റ്റഡിയിലെടുത്തു. വാടക ക്വാർട്ടേഴ്സിലാണ് ഇയാളുടെ താമസം. ഒഡീഷയിൽ നിന്നാണ് ലഹരിവസ്തു എത്തിക്കുന്നതെന്നാണു മൊഴി നൽകിയത്. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം ഇന്റലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസ്, ഉത്തര മേഖല കമ്മിഷണർ സ്ക്വാഡ്, മഞ്ചേരി റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ് കേസെടുത്തു.
കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ എംഡിഎംഎ വിൽപന നടത്തുന്നതിനിടെ പുത്തനത്താണി ചെലൂർ സ്വദേശി മുതുവാട്ടിൽ റിൻഷാദിനെ (23) ആണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 10 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.