കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ

Mail This Article
കുറ്റിപ്പുറം ∙ കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 18 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. 2006ൽ കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ തൃശൂര്‍ മണലൂര്‍ സ്വദേശി കൊക്കിനി വീട്ടില്‍ വിമേഷ് (മലമ്പാമ്പ് കണ്ണന്‍-48) ആണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങി കടന്നുകളയുകയായിരുന്നു.
പൊലീസ് ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പെരിന്തൽമണ്ണയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു. കുറ്റിപ്പുറം എസ്ഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഇയാള്‍ക്കതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.