നവീകരണം കഴിഞ്ഞ റെയിൽവേ സ്റ്റേഷനുകൾ ജൂലൈ പകുതിയോടെ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും

Mail This Article
തിരൂർ ∙ അമൃത് ഭാരത് പദ്ധതി വഴി നവീകരണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനുകൾ ജൂലൈ പകുതിയോടെ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് റെയിൽവേ നിർദേശം നൽകി. 2023 ഓഗസ്റ്റിലാണ് അമൃത് ഭാരത് പദ്ധതി വഴിയുള്ള നവീകരണം ജില്ലയിലെ സ്റ്റേഷനുകളിൽ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും ഇടക്കാലത്ത് തിരൂർ അടക്കമുള്ള ചില സ്റ്റേഷനുകളിലെ പ്രവൃത്തികൾ നിലച്ചിരുന്നു. പദ്ധതികളെ ചൊല്ലിയുള്ള ചില ആശയക്കുഴപ്പങ്ങളായിരുന്നു കാരണം. ഇതെല്ലാം പരിഹരിച്ച് ഇപ്പോൾ വേഗത്തിൽ പണികൾ തീർക്കാനുള്ള ശ്രമമാണ് റെയിൽവേ നടത്തുന്നത്.
ജില്ലയിൽ ഏറ്റവുമധികം തുക ചെലവഴിച്ചു നവീകരണം നടത്തുന്നത് തിരൂരിലാണ്. 18 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടത്തുന്നത്. അങ്ങാടിപ്പുറത്ത് 13.8 കോടി രൂപയുടെയും കുറ്റിപ്പുറത്ത് 9 കോടി രൂപയുടെയും നിലമ്പൂരിൽ 8 കോടി രൂപയുടെയും പരപ്പനങ്ങാടിയിൽ 6.3 കോടി രൂപയുടെയും നവീകരണ പ്രവൃത്തികളാണ് നടത്തുന്നത്. തിരൂരിൽ ഏതാണ്ട് 80 ശതമാനത്തോളം പണികൾ പൂർത്തിയായിട്ടുണ്ട്. ഇവിടെ ഇനി ലിഫ്റ്റ് നിർമാണവും പെയ്ന്റിങ് പണികളുമാണ് പ്രധാനമായി ബാക്കി നിൽക്കുന്നത്.
ഏതാനും ചില ചെറിയ കെട്ടിടങ്ങളുടെ പ്രവൃത്തിയും പൂർത്തിയാക്കാനുണ്ട്. മലബാറിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പാർക്കിങ് ഗ്രൗണ്ടുകളിലൊന്ന് ഇവിടെ തയാറായി കഴിഞ്ഞു. ഇനി ഒരു ട്രാക്ക് കൂടി കൊണ്ടുവരാനുള്ള ശ്രമവും റെയിൽവേ നടത്തുന്നുണ്ട്. ഇതിനായി റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ ചില കെട്ടിട ഉടമകൾക്ക് റെയിൽവേ നോട്ടിസ് നൽകിയിട്ടുണ്ട്. ജില്ലയിലെ ബാക്കിയുള്ള സ്റ്റേഷനുകളിലെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. തിരൂരിലെ പണികൾ കൂടി വേഗത്തിൽ തീർത്ത ശേഷം നവീകരിച്ച സ്റ്റേഷനുകൾ ജൂലൈ പകുതിയോടെ പ്രധാനമന്ത്രി തന്നെ നാടിനു സമർപ്പിക്കുമെന്നാണ് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.