ഒരുമയുടെ നോമ്പുകാലം: ഒരു സ്നേഹ സംഭാഷണം

Mail This Article
വ്രതത്തിന്റെ വിശുദ്ധകാലം ഒരുമിച്ച് ആചരിക്കുകയാണു ക്രൈസ്തവരും മുസ്‌ലിംകളും. അൻപതു നോമ്പിന്റെ സഹനകാലവും പുണ്യ റമസാൻ മാസവും ഇത്തവണ ഒരേ സമയത്താണ്. ഈസ്റ്ററിന്റെയും ഈദിന്റെയും പ്രത്യാശയും പ്രതീക്ഷയും വിശ്വാസികളെ കാത്തിരിക്കുന്നു. ഒരുമയുടെ ഈ നോമ്പു കാലത്ത് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചിരിക്കുന്നു. ആത്മീയതയുടെ ഉൾവെളിച്ചവും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കയും മനുഷ്യന്റെ നന്മയിലുള്ള അതിരറ്റ വിശ്വാസവും സംഭാഷണത്തിൽ തെളിഞ്ഞു കാണാം. ആശാ വർക്കർമാരുടെ സമരം മുതൽ ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ 100–ാം വാർഷികം വരെ വിഷയമായ വർത്തമാനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ഫ്രാൻസിസ് പാപ്പയും പുഞ്ചിരിയും
ബിഷപ്: ഈയിടെ വത്തിക്കാനിൽ പോയി തങ്ങൾ മാർപാപ്പയെ കണ്ടല്ലോ?
തങ്ങൾ: ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു. ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചു കേരളത്തിൽ നിന്നുള്ളവർക്കു അവിടെ ലഭിക്കുന്ന പ്രത്യേക പരിഗണന ശരിക്കും അനുഭവിച്ചറിഞ്ഞു. വലിയ സുരക്ഷാ സംവിധാന അവിടെ ഞങ്ങൾ ശരിക്കും ഫ്രീയായിരുന്നു. ‘പുഞ്ചിരിക്കൂ’ എന്നു മലയാളത്തിൽ പറഞ്ഞാണു പാപ്പ സംഭാഷണം തുടങ്ങിയത്. ഒരു മണിക്കൂർ അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു.
കുഞ്ഞാലിക്കുട്ടി: ചിരി പ്രധാനമാണ്. പുഞ്ചിരി പുണ്യമാണെന്ന് ഇസ്‌ലാമിക വിശ്വാസത്തിൽ പറയുന്നുണ്ട്.
ബിഷപ്: മാർപാപ്പയുടെ രീതി അതു തന്നെയാണ്. സന്തോഷിക്കൂ, അതു മറ്റുള്ളവരിലേക്കു പകരൂ എന്നാണ് അദ്ദേഹം എപ്പോഴും പറയുന്നത്. പുഞ്ചിരിക്കുന്നവർ വിശുദ്ധരാണെന്നും മാർപാപ്പ പറയാറുണ്ട്.
തങ്ങൾ: പുഞ്ചിരി കൊണ്ടെങ്കിലും ദാനം ചെയ്യൂവെന്നു വിശ്വാസികളോടു പ്രവാചകൻ മുഹമ്മദ് നബിയും ഉപദേശിക്കുന്നുണ്ട്.

കൃഷിയിലെ കണ്ണീർ വിളവ്
കുഞ്ഞാലിക്കുട്ടി : കുടിയേറ്റക്കാരുടെ വരവോടെയാണു മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമൊക്കെ കൃഷി വ്യാപകമാകുന്നത്. കപ്പയും വാഴയുമൊക്കെയായിരുന്നു പ്രധാന കൃഷി. തമിഴ്നാട്ടിലെ സ്റ്റാർച്ച് കമ്പനികളിലേക്കു കപ്പ കൊണ്ടു പോയിരുന്നത് ഇവിടെ നിന്നാണ്.
ബിഷപ്: അരീക്കോടിനു സമീപം വാലില്ലാപുഴയാണ് എന്റെ നാട്. അവിടെ സ്കൂളിൽ പഠിപ്പിച്ചിരുന്നതു തിരുവനന്തപുരത്തു നിന്നുള്ള അധ്യാപികയായിരുന്നു. അവർ ക്ലാസെടുക്കുമ്പോൾ തക്കാളിയെന്നു പറഞ്ഞെങ്കിലും ആർക്കും മനസ്സിലായില്ല. അവരുടെ വീട്ടിൽ കൊണ്ടുപോയി അവിടെ കൃഷി ചെയ്ത തക്കാളി കാണിച്ചു തന്നപ്പോഴാണു ഞങ്ങളൊക്കെ ആദ്യമായി കാണുന്നത്.
കുഞ്ഞാലിക്കുട്ടി: അന്ന് ഇവിടെ കൃഷിയെന്നു പറഞ്ഞാൽ ചേമ്പും ചേനയും താളും തവരയുമെല്ലാമായിരുന്നല്ലോ.
ബിഷപ്: കൃഷിക്കാരുടെ സ്ഥിതി ഇന്നു പരമദയനീയമാണ്. പലരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായി എന്താണു നിങ്ങൾക്കു മുന്നോട്ടുവയ്ക്കാനുള്ളത് ?
കുഞ്ഞാലിക്കുട്ടി: ബിഷപ് പറഞ്ഞതു പ്രധാനപ്പെട്ട കാര്യമാണ്. യുഡിഎഫിനു അതിനു വ്യക്തമായ അജൻഡ വേണം. നെല്ലും മറ്റും താങ്ങുവില നിശ്ചയിച്ചു സംഭരിക്കണം. അതിന്റെ പണം കൃത്യമായി നൽകുകയും വേണം. നഷ്ടം സഹിച്ചും ബജറ്റിൽനിന്നു പണം നൽകി പരമ്പരാഗത കൃഷിയെ സംരക്ഷിക്കണം. എല്ലാ രാജ്യങ്ങളും ചെയ്യുന്നത് അതാണ്. കെ.എം.മാണി സാറിനു അക്കാര്യത്തിൽ വലിയ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
ബിഷപ്: അതു പ്രധാനമാണ്. ഇപ്പോൾ സംഭരിച്ച് 6 മാസമൊക്കെ കഴിഞ്ഞാണു പണം ലഭിക്കുന്നത്.അതിലൊരു കരുതലില്ലെങ്കിൽ കർഷകർ മനസ്സു മടുത്തു പോകും. കുട്ടികൾ വിദേശത്തേക്കു പോകുന്നതിനു പിന്നിലും കാർഷിക രംഗത്തെ ഈ തകർച്ചയുണ്ട്.
തങ്ങൾ: പരമ്പരാഗത കൃഷികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി തന്നെ വേണം. പല രാജ്യങ്ങളിലും അവരുടെ പ്രധാന വരുമാന മാർഗമല്ലെങ്കിലും അവരുടെ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാരിനു വ്യക്തമായ പദ്ധതിയുണ്ട്. മലേഷ്യയിലും അറബ് രാജ്യങ്ങളിലുമെല്ലാം ഇതു കാണാം. നെല്ലുൾപ്പെടെയുള്ള കൃഷിക്കു നമുക്കും അത്തരമൊരു ചിന്ത വേണം.
കടിഞ്ഞാണിടണം, വന്യജീവി ശല്യത്തിന്
ബിഷപ്: വന്യജീവി ശല്യം കാരണം നേരിടുന്ന വെല്ലുവിളി വലുതാണ്. രാഷ്ട്രീയത്തിൽ സജീവമായവർ കർഷകരെ രക്ഷിക്കണം.
കുഞ്ഞാലിക്കുട്ടി : ഇക്കാര്യത്തിൽ നിലവിലെ സർക്കാരിനെ കുറ്റപ്പെടുത്തിയതു കൊണ്ടു മാത്രം കാര്യമില്ലല്ലോ. നമുക്ക് വ്യക്തമായ പ്ലാൻ വേണമെന്നു യുഡിഎഫ് നേതാക്കളോട് മലയോര ജാഥയുടെ സമയത്ത് പറഞ്ഞിരുന്നു. വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്.
തങ്ങൾ: മഞ്ചേരി ടൗണിനടുത്തുവരെ പുലിയിറങ്ങുന്ന സ്ഥിതിയാണ്. നിയമങ്ങൾ മനുഷ്യന്റെ സുരക്ഷയെ കരുതിയാകണം.
ബിഷപ്: മനുഷ്യന്റെ സുരക്ഷയ്ക്കായി വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന രീതി വിദേശ രാജ്യങ്ങളിലുണ്ട്. നമുക്ക് അതില്ല. മുൻപ് റബർ കർഷകർ പുലർച്ചെ 4 മണിക്കു റബർ വെട്ടുമായിരുന്നു. സൂര്യോദയത്തിനു മുൻപ് വെട്ടുന്നതു നല്ലതാണ്. ഇപ്പോൾ തൊഴിലാളികൾക്കെല്ലാം പേടിയാണ്. 6 മണിയാകാതെ ആരും തോട്ടത്തിലേക്കു പോകില്ല.
കുഞ്ഞാലിക്കുട്ടി: കാടിനെയും മൃഗങ്ങളെയുമൊക്കെ സംരക്ഷിക്കുന്ന വിദേശ വികസിത രാജ്യങ്ങളുണ്ട്. അവിടെയെല്ലാം മനുഷ്യനു ഭീഷണിയാകുമെന്നു കണ്ടാൽ ഇതു നിയന്ത്രിക്കാനും സംവിധാനമുണ്ട്. ഇവിടെയും ആ രീതിയിൽ ആലോചന വേണം. ഇതു ഞങ്ങൾ വളരെ സീരിയസായ അജൻഡയായെടുക്കും.
ബിഷപ്: കേന്ദ്രത്തോടു പറയുമ്പോൾ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നു പറയും. കേരളത്തോടു പറയുമ്പോൾ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണു മറുപടി. പാവപ്പെട്ടവരെന്തു ചെയ്യും? പലരും കൃഷി ഉപേക്ഷിക്കുന്നു. പ്ലസ്ടു പാസായാലുടൻ മക്കളെ എങ്ങനെയെങ്കിലും വിദേശത്തേക്കു പറഞ്ഞയയ്ക്കുന്നു.
വൈകി, എങ്കിലും വരട്ടെ
കുഞ്ഞാലിക്കുട്ടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ താഴോട്ടു പോയി. വിദ്യാഭ്യാസത്തെ തൊഴിൽ അവസരങ്ങളുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പുതിയ തലമുറ നാടു വിടുമെന്നു 2001ൽ ഞങ്ങൾ പറഞ്ഞതാണ്. അതുകൂടി മുന്നിൽ കണ്ടാണ് ആഗോള നിക്ഷേപക സംഗമം നടത്തിയത്. അന്നു സ്വകാര്യ സർവകലാശാലയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപമെന്നുമൊക്കെ പറയുന്നതു വലിയ പാതകമായിരുന്നു.
ബിഷപ്: ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ വരുന്നുണ്ടെങ്കിലും 25 വർഷം പാഴായിപ്പോയല്ലോ.
തങ്ങൾ: ഇപ്പോൾ തുടങ്ങാൻ നിർബന്ധിതരായി എന്നു പറയാം
ബിഷപ്: അതു പോലെ നഴ്സിങ് കോളജുകൾ ഇല്ലാത്ത പ്രശ്നം കേരളത്തിലുണ്ട്. നമ്മുടെ മക്കൾ കർണാടകയിലും തമിഴ്നാട്ടിലുമൊക്കെ പോയി പഠിക്കുകയാണ്. 8–10 ലക്ഷം അവിടെ ചെലവഴിക്കുന്നു. ഇവിടെ കോളജുണ്ടെങ്കിൽ അതു ഇവിടെ ചെവഴിക്കാമല്ലോ.
കുഞ്ഞാലിക്കുട്ടി: തൊഴിലുമായി കണ്ക്ട് ചെയ്യുന്ന ഒരു മേഖലയാണു നഴ്സിങ്. ബിഷപ് പറഞ്ഞ കാര്യം തീർച്ചയായും യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തും.

അവരെക്കൂടി കാണണം, കൈപിടിക്കണം
ബിഷപ്: ഞാൻ സെക്യൂരിറ്റി ജോലി ചെയ്യുന്ന ഒരാളെ കണ്ടു. 7000 രൂപയാണു ശമ്പളം. എന്തു കഷ്ടമാണ്. എല്ലാ ജോലികൾക്കും മിനിമം 25,000 രൂപ ഉറപ്പാക്കുന്ന രീതിയിലേക്കു നമുക്കു മാറാൻ കഴിയില്ലേ?
കുഞ്ഞാലിക്കുട്ടി : തീർച്ചയായും അത്തരം ആലോചനകൾ വേണ്ടതാണ്. ചെറിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും എല്ലാ ജോലികൾക്കും സമൂഹത്തിൽ മാന്യത ഉറപ്പാക്കുന്നതിലൂടെയും ഇതു നടപ്പാക്കാൻ കഴിയും.
ബിഷപ്: ആശാ വർക്കർമാരുടെ കാര്യം കണ്ടില്ലേ. എന്തെല്ലാം ജോലികളാണു അവർ ചെയ്യുന്നത്. അവർക്കു വഴിയിൽ കിടന്നു പ്രതിഷേധിക്കേണ്ട സാഹചര്യമുണ്ടാകാൻ പാടില്ലായിരുന്നു.
പൂത്തുലയട്ടെ, സൗഹൃദം
ബിഷപ്: ഏറ്റവും പ്രധാനം മത സൗഹാർദമാണ്. എത്രയോ നല്ല കാലമുണ്ടായിരുന്നു. ഇപ്പോഴെന്തോ നഷ്ടപ്പെട്ടു പോകുന്നതുപോലെ.
തങ്ങൾ: ബഹുസ്വര സമൂഹത്തിൽ ഏറ്റവും പ്രധാനം പരസ്പര സൗഹൃദമാണല്ലോ
കുഞ്ഞാലിക്കുട്ടി : തൽപര കക്ഷികളാണു സൗഹൃദം തകർക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക താൽപര്യങ്ങൾ ഇതിനു പിന്നിലുണ്ടാകും. അല്ലാതെ, നമ്മുടെ നാട് ഒരു കാലത്തും ഇങ്ങനെയായിട്ടില്ലല്ലോ

ബിഷപ്: 90 ശതമാനം ആളുകളും ഒരുമിച്ചു സൗഹൃദത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.
തങ്ങൾ: ഈ ബാക്കിയുള്ള 10 ശതമാനത്തിന്റെ ശബ്ദമാണു പലപ്പോഴും സമൂഹത്തിൽ ഉയർന്നു കേൾക്കുന്നത്. മറ്റുള്ളവർ നിശ്ശബ്ദരാകുന്നു.
കുഞ്ഞാലിക്കുട്ടി : വർഗീയ വാദികൾ എല്ലാ മതത്തിലുമുണ്ട്
ബിഷപ്: അതെ, എല്ലായിടത്തുമുണ്ട്. ഇപ്പോ എന്തുകാര്യം പറഞ്ഞാലും ആളുടെ മതമേതാണെന്നാണ് ആളുകൾ നോക്കുന്നത്. ഇതു സമൂഹത്തിനു വലിയ അപകടമാണ്. പ്രബുദ്ധ കേരളത്തിൽ പ്രത്യേകിച്ച് അതു പാടില്ലാത്തതാണ്.
കുഞ്ഞാലിക്കുട്ടി: പാണക്കാട് തങ്ങന്മാരുടേത് എല്ലാവരെയും ചേർത്തുപിടിച്ച പാരമ്പര്യമാണ്. എല്ലാ മതങ്ങളും സമുദായങ്ങളും ഒരു വേർതിരിവുമില്ലാതെ ഒരുമിച്ചു നിന്നതാണ് ഈ നാടിന്റെ ചരിത്രം. ഇപ്പോൾ സ്ഥിതി വല്ലാതെ മോശമാകുന്നു. പഴയ സൗഹൃദം നമുക്കു തിരികെ കൊണ്ടുവരണം. പിതാവിനെയും തങ്ങളെയും പോലുള്ളവർ ഇതിനു മുൻകയ്യെടുക്കണം.
തങ്ങൾ: സമൂഹത്തിലെ വലിയ വിഭാഗം അതാഗ്രഹിക്കുന്നുണ്ട്. മുനമ്പം വിഷയത്തിലും മറ്റുമെല്ലാം നമ്മൾ അതു കണ്ടതാണ്. മുനമ്പത്തെ വിഷയം മുതലെടുക്കാനുള്ള ചിലരുടെ പദ്ധതി നാം ഒരുമിച്ചു നടത്തിയ ശ്രമങ്ങളിലൂടെ ഒരു പരിധിവരെയെങ്കിലും ഇല്ലാതായല്ലോ. ആ ശ്രമത്തിനു കൂടെ നിന്നതിനു ബിഷപ്പുമാരെയും ക്രിസ്ത്യൻ മതനേതാക്കളെയും പ്രത്യേകം അഭിനന്ദിക്കുകയാണ്.
കുഞ്ഞാലിക്കുട്ടി: മുനമ്പം എത്രയും വേഗം പരിഹരിക്കേണ്ട സാമൂഹിക പ്രശ്നമായാണ് ഇപ്പോൾ എല്ലാവരും കാണുന്നത്. എത്രയും വേഗം അതു പരിഹരിക്കണം.
ബിഷപ്: ആളിക്കത്താൻ ഒരു പൊരി മതി. ആളിക്കത്തിക്കാൻ ആളുകളുണ്ട്. സമൂഹമാധ്യമം വഴി വളരെ എളുപ്പത്തിൽ കത്തുകയല്ലേ. ആർക്കും ആർക്കെതിരെയും എന്തുമെഴുതാമെന്ന സ്ഥിതിയാണ്.
പിഴുതെറിയണം, ലഹരിയുടെ വേരുകൾ
കുഞ്ഞാലിക്കുട്ടി : ഇപ്പോഴത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് ലഹരി
ബിഷപ് : ലഹരിക്കെതിരെ നമ്മൾ ഒരുമിച്ചുനിന്നു യുദ്ധം ചെയ്യണം.
തങ്ങൾ: എല്ലാവർക്കും പറയാനുള്ളത് അതാണ്. ലഹരിയുടെ ഭവിഷ്യത്ത് സമൂഹത്തിൽ അത്രയ്ക്ക് ആഴത്തിൽ കണ്ടു തുടങ്ങിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി : ലഹരിയുടെ കാര്യത്തിൽ ക്യാംപെയ്നും നടപടിയും വേണം.
തങ്ങൾ: നടപടി പ്രധാനമാണ്. പല രാജ്യങ്ങളിലും ലഹരിക്കേസുകളിൽ വധശിക്ഷയാണു നൽകുന്നത്. വിമാനത്തിൽ വന്നിറങ്ങുമ്പോൾ തന്നെ അതിന്റെ അറിയിപ്പ് കേൾക്കാം.
ബിഷപ്: കുട്ടികളിലേക്ക് ഇതെത്തുന്നതു വലിയ അപകടമല്ലേ. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പരസ്പരം പോരടിക്കുന്നതല്ലേ കാണുന്നത്. യൂറോപ്യൻ സംസ്കാരം നമുക്കു ചേരുന്നതേ അല്ല. യൂറോപ്പിലെ ഒരു ക്ലാസ് മുറിയിലേക്ക് അധ്യാപകരോടൊപ്പം പോയിട്ടുണ്ട്. ഒരു കുട്ടി പോലും എഴുന്നേറ്റു നിന്നില്ല. ആ സംസ്കാരം ഇവിടെ കൊണ്ടുവന്നാൽ എങ്ങനെയാണ്.
കുഞ്ഞാലിക്കുട്ടി : എല്ലാവരും ഒരുമിച്ചുനിന്നു ഇക്കാര്യത്തിൽ പ്രവർത്തിക്കണം.
തങ്ങൾ : നമ്മളൊക്കെ പഠിച്ച കാലത്ത് മഹാന്മാരെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നല്ലോ. ഇപ്പോൾ അങ്ങനെയൊന്നുമില്ല.
ബിഷപ് : മഹാത്മാ ഗാന്ധിയെ തന്നെ പുസ്തകങ്ങളിൽ നിന്നു അപ്രത്യക്ഷമാക്കുകയല്ലേ. ഗാന്ധിജി കേരളത്തിൽ വന്നതിന്റെ നൂറാം വാർഷിക കാലമാണല്ലോ. ഗാന്ധിജി കേരള സന്ദർശനത്തിനിടെ പറഞ്ഞ, ഒരുപാട് സന്ദേശങ്ങളുള്ള വാക്കുകൊണ്ടു തന്നെ നമുക്കു സംഭാഷണം അവസാനിപ്പിക്കാം. ‘നിങ്ങളുടെ ഹൃദയത്തിനു കണ്ണുകളുണ്ടാകട്ടെ’. ഈ കാലത്ത് ഈ വാക്യം പ്രസക്തമാണ്.