വള്ളിക്കുന്ന് നിയോജകമണ്ഡലം: ആറുവരിപ്പാത പൂർണമായും തുറന്നു

Mail This Article
തേഞ്ഞിപ്പലം ∙ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽപെട്ട 11 കിലോമീറ്ററിലും ആറുവരിപ്പാത പൂർണമായും ഗതാഗതത്തിന് തുറന്നു. കാക്കഞ്ചേരിയിലെ പഴയ കൊടുംവളവുകൾ ഒഴിവാക്കി ആറുവരിപ്പാത നിർമിച്ചതോടെയാണിത്. ജില്ലാ അതിർത്തിയായ നിസരി ജംക്‌ഷൻ മുതൽ തലപ്പാറ വരെ നേരത്തെ തന്നെ ആറുവരിപ്പാത പൂർത്തിയാക്കിയിരുന്നു. കോഴിക്കോട് ദിശയിൽ ചെട്യാർമാട് മുതൽ കാക്കഞ്ചേരി വളവ് വരെ ഏതാണ്ട് 3 മാസം അടച്ചിട്ട 3 ട്രാക്കുകളും ഇതിനകം തുറന്നു. കാക്കഞ്ചേരിയിലെ പഴയ വളവിൽ 400 മീറ്ററിൽ ആറുവരിപ്പാത പൂർത്തിയായതിനെ തുടർന്നാണിത്. ആറുവരിപ്പാതയിൽ കോഴിക്കോട്, തൃശൂർ ദിശകളിലേക്ക് വൺവേ അടിസ്ഥാനത്തിൽ 3 വീതം ട്രാക്കുകൾ വാഹനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഇടിമുഴിക്കൽ ഭാഗത്ത് സർവീസ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഗതാഗതതടസ്സമുണ്ട്. ദീർഘദൂര ബസുകളിൽ പലതും ആറുവരിപ്പാത വഴി കുതിക്കുകയാണ്. യൂണിവേഴ്സിറ്റി സ്റ്റോപ് ഒഴികെ പലയിടത്തും സർവീസ് റോഡുകളിൽ ബസുകളിൽ പലതും എത്തുന്നില്ല. ബസുകൾ സർവീസ് റോഡുകളിലെത്തുന്നത് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്.പള്ളിയാളി– ചേലൂപാടം റോഡിന് ദേശീയപാതയുമായി ബന്ധം ഇല്ലാതായ വിഷയം പരിഹരിക്കാൻ സ്ഥലം നൽകാമെന്ന് ഭൂവുടമകൾ വാഗ്‍ദാനം ചെയ്ത വിവരം പ്രോജക്ട് ഡയറക്ടർക്ക് കൈമാറിയതായി കലക്ടർ ഡോ. വി.ആർ.വിനോദ് അറിയിച്ചു. പാണമ്പ്ര ജുമാ മസ്‍ജിദ് വളപ്പിലേക്ക് മഴവെള്ളം ഒഴുകുന്നത് തടയാനുള്ള ഓട നിർമാണ പദ്ധതിക്ക് അനുമതി ലഭ്യമാക്കണമെന്ന നിർദേശവും പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.