താനൂർ ബോട്ടപകടം: നിലപാട് കർക്കശമാക്കി അന്വേഷണ കമ്മിഷൻ; ഫയലുകൾ ഹാജരാക്കാൻ ഡിഐജിക്കു നിർദേശം
Mail This Article
തിരൂർ ∙ താനൂർ തൂവൽത്തീരത്ത് അപകടത്തിൽപെട്ട ബോട്ടിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ നേരത്തേ ലഭിച്ച പരാതികളും അവയിലെടുത്ത നടപടികളും സംബന്ധിച്ചുള്ള ഫയലുകൾ ഹാജരാക്കാൻ അന്വേഷണ കമ്മിഷൻ തൃശൂർ റേഞ്ച് ഡിഐജിക്കു നിർദേശം നൽകി. സ്റ്റേഷനിൽ ലഭിച്ച പരാതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും മുൻ താനൂർ സിഐയും നിലവിലെ സിഐയും വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി.കെ.മോഹനന്റെ നിർദേശം. പരാതികളുടെ അടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർത്തെന്നും ബോട്ടിന്റെ രേഖകൾ പരിശോധിച്ചെന്നും ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കാമെന്നും മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ജീവൻ ജോർജ് സാക്ഷിവിസ്താര വേളയിൽ അറിയിച്ചിരുന്നു.
തുടർന്ന്, പരാതികളും നടപടിരേഖകളും ഹാജരാക്കാൻ ഇപ്പോഴത്തെ സിഐക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിൽ ഏക മകളെ നഷ്ടപ്പെട്ട മലപ്പുറം സ്വദേശി എം.നിഹാസ് കമ്മിഷനു മുൻപാകെ ഹർജി നൽകി. ഫയലുകൾ സ്റ്റേഷനിൽ ലഭ്യമല്ലെന്ന് നിലവിലെ സിഐ അറിയിച്ചതോടെയാണ് രേഖകൾ ഹാജരാക്കാൻ ഡിഐജിക്കു നിർദേശം നൽകിയത്. രേഖകൾ ലഭ്യമല്ലെങ്കിൽ അതിനുള്ള കാരണം അറിയിക്കണമെന്നും കമ്മിഷന്റെ ഉത്തരവിലുണ്ട്. ജില്ലയിലെ ബോട്ട് സർവീസുകൾ സംബന്ധിച്ച് ആവശ്യമായ പരിശോധനകൾ നടത്തണമെന്ന് എല്ലാ ഡിവൈഎസ്പിമാർക്കും സിഐമാർക്കും നിർദേശം നൽകിയിരുന്നതായി മുൻ എസ്പി എസ്.സുജിത് ദാസ് കമ്മിഷനു മുൻപാകെ മൊഴി നൽകി.
പരിശോധനാ നടപടികൾ സംബന്ധിച്ച വിവരം താനൂർ സ്റ്റേഷനിൽനിന്നു തന്നെ അറിയിച്ചിട്ടില്ല. ബോട്ട് സർവീസുകൾ പരിശോധിക്കുന്നതിന് പൊന്നാനി പോർട്ട് കൺസർവേറ്റർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ജില്ലയിലെ എല്ലാ എസ്എച്ച്ഒ മാർക്കും താൻ നിർദേശം നൽകിയിരുന്നതായും മുൻ ജില്ലാ പൊലീസ് മേധാവി കമ്മിഷൻ മുൻപാകെ വ്യക്തമാക്കി.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായിരുന്ന മുൻ കലക്ടർ പ്രേംകുമാർ നിലവിൽ മസൂറിയിലാണ്. അദ്ദേഹത്തിനു പകരമായി എഡിഎം മെഹറലിയെ സാക്ഷിയായി വിചാരണ ചെയ്യുന്നതിനും മറ്റുമായി കമ്മിഷൻ സിറ്റിങ് ഈ പത്താം തീയതിയിലേക്കു മാറ്റിവച്ചു.