ADVERTISEMENT

മലപ്പുറം ∙ പ്രൗഢിയോടെ ഹജ്, ഉംറ തീർഥാടകർക്കായി മഅദിൻ അക്കാദമി സംഘടിപ്പിച്ച സംസ്ഥാന തല ക്യാംപിനു സമാപനം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി ആയിരങ്ങൾ പങ്കെടുത്ത ക്യാംപ് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.  സ്വകാര്യ ഗ്രൂപ്പ് മുഖേന പോകേണ്ട തീർഥാടകരുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ വേണമെന്നും സൗദി ഭരണകൂടവുമായി ചർച്ച നടത്തി ഈ വർഷം തീർഥാടനം ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും അതിനു സൗകര്യമൊരുക്കണമെന്നും ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. അനാഥ, ഹിഫ്‌സ്, സാദാത്ത് വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ഹാജിമാർക്കു പ്രത്യേക പ്രാർഥനയ്ക്കും അദ്ദേഹം നേതൃത്വം നൽകി.ഹജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസ് നയിച്ചു. മാതൃകാ കഅബയുടെ സഹായത്തോടെയുള്ള അവതരണം ഹാജിമാർക്കു ഏറെ ഉപകാരപ്രദമായി. സമസ്ത സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി സംശയ നിവാരണത്തിനു നേതൃത്വം നൽകി.

കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി ക്ലാസെടുക്കുന്നു.
കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി ക്ലാസെടുക്കുന്നു.

ഇസ്മായിൽ അൽ ബുഖാരി കടലുണ്ടി, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സാലിഹ് ഖാസിം അൽ ഐദ്രൂസി, കേരള ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി, സംസ്ഥാന ഹജ് കമ്മിറ്റിയംഗങ്ങളായ എം.എസ്.അനസ് ഹാജി, മൊയ്തീൻ കുട്ടി, പി.ടി.അക്ബർ, അഷ്‌കർ കോറാട്, ഹജ് കമ്മിറ്റി സംസ്ഥാന ട്രെയ്നിങ് ഓർഗനൈസർ പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ, ഡോ. ദാഹർ മുഹമ്മദ്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി എന്നിവർ പ്രസംഗിച്ചു. ഹാജിമാർക്കായി വിപുലമായ സൗകര്യങ്ങൾ മഅദിൻ ക്യാംപസിൽ ഒരുക്കിയിരുന്നു. പങ്കെടുത്ത മുഴുവൻ പേർക്കും സൗജന്യമായി ഹജ് കിറ്റും വിതരണം ചെയ്തു. ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച ‘ഹജ് ഉംറ: കർമം, ചരിത്രം, അനുഭവം’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നടന്നു. ഹജ്ജിന്റെ ഒരുക്കം മുതൽ യാത്രയുടെ അവസാനം വരെ തീർഥാടകർക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. 

ഹെൽപ് ഡെസ്ക് തുടങ്ങി
മലപ്പുറം ∙ ഹജ്ജിനായി പുറപ്പെടുന്ന ഹാജിമാരുടെ സംശയ നിവാരണത്തിനായി മഅദിൻ അക്കാദമിയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹജ് കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെയുള്ള കർമശാസ്ത്ര സംശയങ്ങൾ, നിയമവശങ്ങൾ തുടങ്ങിയ സേവനങ്ങൾക്ക് വാട്സാപ്പിലൂടെ ബന്ധപ്പെട്ടാൽ സഹായം ലഭിക്കും. ഹജ് ദിക്‌റുകൾ ഉൾപ്പെട്ട ഗൈഡ്, മറ്റു വിവരങ്ങൾ എന്നിവ മഅദിൻ ഫാമിലി ആപ്പിൽ ലഭ്യമാകും. നമ്പർ: 9656424078, 8606631350.

മഅദിൻ നൽകുന്ന സേവനങ്ങൾ മാതൃകാപരം: ഹജ് കമ്മിറ്റി ചെയർമാൻ
മലപ്പുറം ∙ ഹാജിമാരുടെ സേവനത്തിനായി മഅദിൻ അക്കാദമി നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും വിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാർ രാജ്യത്തിന്റെ നന്മയ്ക്ക‌ായി പ്രത്യേകം പ്രാർഥിക്കണമെന്നും ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. സ്വകാര്യ ഹാജിമാരുടെ യാത്രാ സംബന്ധമായ പ്രതിസന്ധികൾ ഉടൻ പരിഹരിക്കുമെന്നാണു പ്രതീക്ഷ.  ഇടപെടലുകൾ സംസ്ഥാന സർക്കാരും ഹജ് കമ്മിറ്റിയും നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary:

Madina Academy's Hajj camp in Malappuram concluded successfully, providing crucial guidance and resources for thousands of pilgrims. The event included expert lectures, prayer sessions, and the distribution of free Hajj kits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com