ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ്; 3.25 കോടിയുടെ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ

Mail This Article
മലപ്പുറം∙ പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ചു 3.25 കോടി രൂപ തട്ടിയ കേസിൽ രണ്ടു യുവാക്കളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പുത്തലം മണ്ണിങ്ങച്ചാലി എം.സി.അഫ്‌ലഹ് ഷാദിൽ (25), ചെമ്രക്കാട്ടൂർ വെള്ളേരി പൂളംകുണ്ടിൽ മുഹമ്മദ് ഷാഫി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആപ്പിന്റെ വ്യാജ പതിപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വെർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സൈബർ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിവിധ സമയങ്ങളിലായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം അയച്ചു നൽകുകയും ഇതിന്റെ ലാഭവിഹിതം കാണിക്കുന്ന ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചുമായിരുന്നു തട്ടിപ്പ്. ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ ഈ തുക പിൻവലിക്കാൻ കൂടുതൽ തുക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇതു തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്നാണു സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയത്.
കേസിന്റെ അന്വേഷണത്തിൽ, പരാതിക്കാരൻ അയച്ചു നൽകിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽനിന്നു പിൻവലിച്ചതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി പ്രതികളെ റിമാൻഡ് ചെയ്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജൻ, എസ്ഐ ലത്തീഫ്, എസ്ഐ നജ്മുദ്ദീൻ, എഎസ്ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സിപിഒ റിജിൽ, റാഷിനുൽ ഹസൻ, കൃഷ്ണേന്ദു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.