വെഞ്ചാലിയിൽ മാലിന്യം തള്ളൽ പിടികൂടാൻ നിരീക്ഷണ ക്യാമറ

Mail This Article
തിരൂരങ്ങാടി ∙ വെഞ്ചാലിയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ചെമ്മാട്– കൊടിഞ്ഞി റോഡിൽ വെഞ്ചാലിയിലാണ് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതി നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. വയലിലൂടെയുള്ള റോഡിൽ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്നാണ് നടപടി. നേരത്തെ സ്ഥിരമായി മാലിന്യം തള്ളിയിരുന്നു. ഇത് പരിഹരിക്കാൻ റോഡരികിലെ കാടു വെട്ടിത്തെളിച്ചു നന്നാക്കിയിരുന്നു. ഇതേ തുടർന്ന് മാലിന്യം തള്ളുന്നത് ഇല്ലാതായിരുന്നു. ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
മാലിന്യം കാരണം തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. പ്രഭാത സവാരിക്ക് ആളുകൾ പോകുന്ന സ്ഥലമാണിത്. തെരുവുനായ്ക്കളുടെ ശല്യവും ദുർഗന്ധവും കാരണം വളരെ പ്രയാസമായിരുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ നേതൃത്വത്തിൽ പരിശോധനയും നടത്തിയിരുന്നു. മാലിന്യം പരിശോധിച്ച് ഏത് സ്ഥാപനത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ശിൽപ ക്ലബ് ഇത് സംബന്ധിച്ച് പഞ്ചായത്തിന് പരാതിയും നൽകിയിരുന്നു. തുടർന്നാണ് വാർഡ് അംഗത്തിന്റെ ഇടപെടലിൽ ക്യാമറ സ്ഥാപിച്ചത്.