കടുവയെ വീഴ്ത്താൻ സുരേന്ദ്രനും കുഞ്ചുവും; എത്രയും വേഗം പിടികൂടുമെന്ന് ഡോ.അരുൺ സഖറിയ

Mail This Article
കാളികാവ് ∙ കടുവയെ പിടികൂടാനായി ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 60 അംഗ ആർആർടി സംഘം സ്ഥലത്തു ക്യാംപ് ചെയ്തു തിരച്ചിൽ നടത്തുന്നുണ്ട്. കടുവസാന്നിധ്യം സ്ഥിരീകരിച്ചതോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിലാണു സംഘം ക്യാംപ് ചെയ്യുന്നത്. തിരച്ചിലിനും മയക്കുവെടി വയ്ക്കുന്നതിനും കെണിയൊരുക്കുന്നതിനും കുങ്കി ആനകളെ നയിക്കുന്നതിനുമുള്ള വിദഗ്ധർ സംഘത്തിലുണ്ട്. കുത്തനെയുള്ള വലിയ മലയോര മേഖലയായതിനാൽ കഠിനമായ ഭൂപ്രദേശമാണെന്നും ഇടയ്ക്കിടെ ഉണ്ടാകുന്ന മഴ തിരച്ചിലിനു തടസ്സമാകുന്നുണ്ടെങ്കിലും ഒരടിപോലും പിന്നോട്ടില്ലെന്നും ഡോ.അരുൺ സഖറിയ പറഞ്ഞു.
കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും ക്യാമറ ട്രാപ്പുകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, രാത്രിയിൽ കടുവയുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഡ്രോൺ തെർമൽ സ്കാനിങ് എന്നിവയുമുണ്ട്. എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ സംഘം ആവർത്തിച്ചു പരിശോധിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, കടുവയിറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷണത്തിലാക്കി കെണികൾ സ്ഥാപിക്കുമെന്നും എത്രയും വേഗം കടുവ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ വീഴ്ത്താൻ സുരേന്ദ്രനും കുഞ്ചുവും
കടുവ മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തി മയക്കുവെടി വച്ചു പിടിക്കാനുള്ള സംഘത്തെ സഹായിക്കാനാണു കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും എത്തിച്ചത്. വനമേഖലയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ പാറശേരി ജിഎൽപി സ്കൂളിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. മുൻപും കടുവകളെ പിടികൂടാനുള്ള ദൗത്യങ്ങളിൽ ഇവയെ ഉപയോഗിച്ചിട്ടുണ്ട്. അടിക്കാട് വളർന്ന്, അടഞ്ഞ വനംപ്രദേശമായതിനാൽ ആനകളുടെ മുകളിലിരുന്നാണ് മയക്കുവെടി വയ്ക്കുക.
ചിന്നക്കനാലിൽ അരിക്കൊമ്പൻ ദൗത്യത്തിൽ, വയനാട്ടിലെ മുത്തങ്ങയിൽനിന്ന് എത്തിച്ച കുങ്കി ആനകളുടെ തലവനായിരുന്നു കുഞ്ചു. സംഘത്തിനു കരുത്തായി കോന്നി സുരേന്ദ്രനുമുണ്ടായിരുന്നു. പാലക്കാട് ധോണിയിൽ പി.ടി.7 എന്ന ആക്രമണകാരിയായ ഒറ്റയാനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തെ സഹായിച്ച കുങ്കി ആനകളിലും സുരേന്ദ്രനുണ്ടായിരുന്നു.

ഡിഎഫ്ഒയെ മാറ്റിയത് തെറ്റായ തീരുമാനം: അനിൽകുമാർ എംപി
കാളികാവ്∙ കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ നടത്തുന്ന മൂന്നാം ദിവസം, പ്രദേശത്തെക്കുറിച്ചു പരിചയസമ്പന്നനായ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക്‌ലാലിനെ മാറ്റിയതു തെറ്റായ തീരുമാനമാണെന്ന് എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. സർക്കാരിന്റെ അനാസ്ഥയാണ് ഒരാളുടെ ജീവൻ നഷ്ടപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ചത്. നിയമസഭയിലടക്കം പറഞ്ഞിട്ടും മന്ത്രിയോ വനം വകുപ്പോ അനങ്ങിയില്ലെന്നും എംഎൽഎ ആരോപിച്ചു.രണ്ടു വർഷമായി, വളർത്തുപട്ടികളെയും ആടുകളെയും കൊന്നിട്ടും ഒരു കൂട് സ്ഥാപിക്കാൻ പോലും അധികൃതർ തയാറായില്ലെന്നു കാളികാവ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോജി.കെ.അലക്സ് പറഞ്ഞു.