നരഭോജിക്കടുവ ‘സൈലന്റ്‌വാലി വൺ’; കടുവയുടെ ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ
Mail This Article
അടയ്ക്കാക്കുണ്ട്∙ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. റാവുത്തൻകാട്ടിലെ റബർ തോട്ടത്തിൽ തൊഴിലാളിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണു ചിത്രം ലഭിച്ചത്. സൈലന്റ്‌വാലി വന്യജീവി സങ്കേതത്തിൽ നിന്നുള്ള ‘സൈലന്റ്‌വാലി വൺ’ എന്ന കടുവയാണിതെന്ന് തിരിച്ചറിഞ്ഞതായി ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. കൃത്യമായി ഇതിന്റെ സ്ഥലം കണ്ടെത്തി മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ആർആർടി അംഗങ്ങൾ ഇന്നലെയും പ്രദേശത്ത് കടുവയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും മറ്റു സൂചനകൾ ലഭിച്ചില്ല. രാവിലെ 10 മണിയോടെയാണു തിരച്ചിൽ ആരംഭിച്ചത്. 11 മണിയോടെ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി വിവരം ലഭിച്ചു. ഇതോടെ തിരച്ചിൽ ശക്തമാക്കി. ഈ പ്രദേശത്തേക്കു കൂടുതൽ ക്യാമറകൾ മാറ്റിസ്ഥാപിച്ചു. എന്നാൽ, വൈകിട്ട് 3 മണിയോടെ കനത്ത മഴ തുടങ്ങിയതു ദൗത്യം ദുഷ്കരമാക്കി. തുടർന്ന് വൈകിട്ട് 5 മണിയോടെ തിരച്ചിൽ നിർത്തി സംഘം മടങ്ങി. കടുവയെ പിടികൂടാനായി 2 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാത്തതിൽ പ്രദേശത്തു പ്രതിഷേധം ശക്തമാണ്.