നിലമ്പൂർ: കുടുംബയോഗങ്ങൾ സജീവമാക്കി മുന്നണികൾ

Mail This Article
എടക്കര ∙ തിരഞ്ഞെടുപ്പുപ്രചാരണത്തിന് കുടുംബ യോഗങ്ങൾ സജീവമാക്കി മുന്നണികൾ. വൈകിട്ട് നാലിന് ശേഷമാണ് കുടുംബയോഗങ്ങൾ തുടങ്ങുന്നത്. ഓരോ മുന്നണികളും പരമാവധി ആളുകളെയാണ് യോഗങ്ങളിലേക്കെത്തിക്കുന്നത്. ഇതിൽ സ്ത്രീകളെ കൂടുതൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വില വർധനയും സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളുമാണ് യുഡിഎഫ് യോഗങ്ങളിൽ പ്രധാനമായും ചർച്ചയാക്കുന്നത്.
ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചതും മറ്റു വികസന കാര്യങ്ങളും എൽഡിഎഫ് യോഗങ്ങളിലും ചർച്ചയാക്കുന്നു. എൽഡിഎഫിന്റെ കുടുംബയോഗങ്ങളിൽ എംഎൽഎമാർക്ക് പുറമേ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് യോഗങ്ങളിൽ എംഎൽഎമാരും എംപിമാരുമുണ്ട്. ബിജെപി യോഗങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്തിരുന്നു.
എടക്കര കാക്കപ്പരതയിൽ യുഡിഎഫ് കുടുംബയോഗം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.പി.ഷരീഫ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, എം.റഹ്മത്തുല്ല, ഫൈസൽ ബാഫഖി തങ്ങൾ, വിനയദാസ് വണ്ടൂർ, ടി.പി.അഷറഫലി, സെറീന മുഹമ്മദലി. ടി.പി.ഹാരിഫ്, കെ.ആയിഷക്കുട്ടി, കെ.രാധാകൃഷ്ണൻ, വിനോദ് കരിമ്പനയ്ക്കൽ, ഫസിൽ മുജീബ് എന്നിവർ പ്രസംഗിച്ചു.
എം.സ്വരാജ് ചുങ്കത്തറയിൽ പര്യടനം നടത്തി
ചുങ്കത്തറ∙ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ ചുങ്കത്തറ പഞ്ചായത്തിലെ പര്യടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. എ.സി.മൊയ്തീൻ പ്രസംഗിച്ചു. പള്ളിക്കുത്ത്, നരയൻ പൊയിൽ, കാട്ടിലപാടം, കൊന്നമണ്ണ, തച്ചക്കോട്, കോട്ടേപ്പാടം, കളംക്കുന്ന്, ടൗൺ, ചളിക്കുളം, വെള്ളാരംക്കുന്ന്, കാട്ടിച്ചിറ, പുലിമുണ്ട, പൂക്കോട്ടുമണ്ണ, പാതിരിപ്പാടം, ചുരക്കണ്ടി, കോലേംപ്പാടം, പലയക്കോട്, കൈപ്പിനി,മുണ്ടപ്പാടം,ചെമ്പൻകൊല്ലി തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി എരുമമുണ്ടയിൽ സമാപിച്ചു. സമാപന പൊതുയോഗം മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ, എംഎൽഎമാരായ വി.കെ.പ്രശാന്ത്, സേവ്യർ ചിറ്റിലപ്പള്ളി, ഡി.കെ.മുരളി , കെ.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.