എംഎൽഎയുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പിന് ശ്രമം: ഒരാൾ അറസ്റ്റിൽ

Mail This Article
മങ്കട∙ മഞ്ഞളാംകുഴി അലി എംഎൽഎയുടെ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ടു ബാങ്ക് മാനേജരിൽനിന്നു പണം തട്ടാൻ ശ്രമിച്ച ആളെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോക്കോതമംഗലം സ്വദേശി അഗ്രികൾചർ കോളനിയിൽ ബിനു (54)വിനെയാണു മങ്കട സിഐ അശ്വിൻ എസ്.കാരൻ മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ, കനറാ ബാങ്ക് കോഴിച്ചെന ബ്രാഞ്ച് മാനേജരെ ഫോണിൽ വിളിച്ച്, മഞ്ഞളാംകുഴി എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ട ബിനു സൗജന്യ കിറ്റ് വിതരണത്തിനു പണം ആവശ്യപ്പെടുകയായിരുന്നു.
ചെറിയ തുക ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ മാനേജർ എംഎൽഎയുടെ പിഎയെ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭാവനയും സമാഹരിക്കുന്നില്ലെന്നു ബോധ്യപ്പെട്ടു. തുടർന്ന് ഒട്ടേറെപ്പേർ ഇക്കാര്യം ചോദിച്ച് എംഎൽഎയുമായും പിഎയും ആയും ബന്ധപ്പെടാൻ തുടങ്ങിയതോടെയാണ്, കൂടുതൽ ആളുകളിൽനിന്നു പണം തട്ടിയെടുക്കാൻ പ്രതി ശ്രമിച്ചതായി അറിയാൻ കഴിഞ്ഞത്. തുടർന്നു മഞ്ഞളാംകുഴി അലി എംഎൽഎ മലപ്പുറം പൊലീസ് സൂപ്രണ്ടിനു പരാതി നൽകുകയായിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിൽ, ഇപ്പോൾ പട്ടാമ്പിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലയിലെ ഒട്ടേറെ ആശുപത്രികളിലെ ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരിൽനിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നു. മങ്കട സിഐക്കു പുറമേ സീനിയർ സിവിൽ പൊലീസ് ഓഫിസർ സോണി ജോൺസൺ സുജിത് ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ കേസുണ്ടെന്നു കൂടുതൽ പേർക്കു തട്ടിപ്പിൽ പങ്കുണ്ടെന്നും മങ്കട സിഐ അറിയിച്ചു.