ADVERTISEMENT

മുംബൈ ∙ ജീവിക്കാൻ നെട്ടോട്ടമോടുന്നവരുടെ നഗരമായ മുംബൈയിൽ നല്ല ജീവിതത്തിന് നല്ല ഓട്ടം എന്ന സന്ദേശവുമായി മുംബൈ മാരത്തൺ. ദേശത്തിന്റെയും ഭാഷയുടെയും വേർതിരിവുകളെല്ലാം മാറ്റിവച്ച് വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഓട്ടക്കാർ കൊടുംതണുപ്പിനെ വക‍ഞ്ഞുമാറ്റി കുതിച്ചു. അഞ്ച് ഇനങ്ങളിലായി 55,322 പേരാണ് പങ്കെടുത്തത്; മുംബൈ മാരത്തണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തം. 

കുതിച്ചുപാഞ്ഞ് ആഫ്രിക്കൻ  താരനിര

മുംബൈയിൽ ദേശാടനക്കിളികളുടെ ചിറകടിക്കാലം തുടങ്ങിയിരിക്കെ, പറന്നെത്തിയ ആഫ്രിക്കൻ കിളികളെപ്പോലെ തോന്നി മാരത്തണിന്റെ മുൻനിര. ഇത്യോപ്യ, കെനിയ, യുഗാണ്ട...ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാന ഇനമായ രാജ്യാന്തര എലീറ്റ് വിഭാഗത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഏറ്റവും തലയെടുപ്പുള്ള താരങ്ങൾ അണിനിരന്നത്. അവർക്കൊപ്പം ഇന്ത്യൻ താരങ്ങളും  ഡ്രീം റൺ ഓട്ടക്കാരും േചർന്നപ്പോൾ ഒരുമയുടെ വിളംബരവും കായിക കരുത്തുമായി മുംബൈ മാരത്തൺ.

ഉത്സവക്കളമായി സിഎസ്എംടി

പാട്ടും മേളവും പന്തലും പരവതാനികളും പൂക്കളുമെല്ലാമായി സിഎസ്എംടിക്കു മുന്നിലെ റോഡ് വലിയൊരു ഉത്സവക്കളമാക്കി മാറ്റിയിരുന്നു. ഉച്ചവരെ ദക്ഷിണ മുംബൈയിൽ നിന്നു ബാന്ദ്ര വരെ മാരത്തൺ കടന്നുപോകുന്ന പാതയിൽ ഗതാഗതം നിർത്തിവച്ചും പ്രത്യേക ലോക്കൽ ട്രെയിനുകൾ ഓടിച്ചും ക്രമീകരണങ്ങളൊരുക്കിയിരുന്നു.  ഹാഫ് മാരാത്തണും (21 കിലോമീറ്റർ), ഫുൾ മാരത്തൺ (42 കിലോമീറ്റർ) അമച്വർ വിഭാഗവും ആണ് ആദ്യം ആരംഭിച്ച മത്സരങ്ങൾ. ഹാഫ് മാരത്തൺ വർളി ഡയറിയിൽ നിന്നും ഫുൾ മാരത്തൺ, അമച്വർ സിഎസ്എംടിയിൽ നിന്നും പുലർച്ചെ 5.15ന് ആരംഭിച്ചു.

 ഭിന്നശേഷിക്കാരുടെ വിഭാഗം (1.3 കിലോമീറ്റർ) രാവിലെ 7.25നും മുതിർന്ന പൗരൻമാരുടെ വിഭാഗം മത്സരം (4.2 കിലോമീറ്റർ) 7.45നും സിഎസ്എംടിയിൽ നിന്നാരംഭിച്ചു. ഇതിനിടെ, 7.20ന്  പ്രധാന  മത്സരയിനമായ രാജ്യാന്തര താരങ്ങൾ മത്സരിക്കുന്ന എലീറ്റ് വിഭാഗം ഫുൾ മാരത്തൺ 7.20ന് ഗവർണർ ഭഗത് സിങ് കോഷിയാരി സിഎസ്എംടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.  ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും കോളജ് വിദ്യാർഥികളുമെല്ലാം മത്സരിക്കുന്ന ഡ്രീം റണ്ണിനു 8.05ന് സിഎസ്എംടിയിൽ നിന്നും തുടക്കമായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ടാറ്റാ ഗ്രൂപ്പ് െചയർമാൻ എൻ. ചന്ദ്രശേഖരൻ, അനിൽ അംബാനി എന്നിവരടക്കമുള്ളവർ മാരത്തണിൽ പങ്കെടുത്തു.  

കയ്യടിച്ച് കാറ്റും കടലും 

ഓട്ടക്കാർക്ക് ആവേശവുമായി മറൈൻ ഡ്രൈവിൽ തീരത്ത് ഇടവിട്ട് ബാൻഡ് സംഘങ്ങൾ. ഗാനമേളയും ചെണ്ടമേളവും. മാരത്തൺ കടന്നുപോകുന്ന വഴികളിലുടനീളം കുട്ടികളും മുതിർന്നവരും ഓട്ടക്കാർക്ക് പിന്തുണയും ആവേശം പകർന്ന് അണിനിരന്നു.  മലബാർ ഹില്ലിലേക്ക് കടന്നതോടെ റോഡിനിരുവശവുമുളള ഫ്ലാറ്റുകളിലെ ജാലകങ്ങൾ മാരത്തണിലേക്കു കൺതുറന്നു. കടൽപ്പാലത്തിലൂടെ മാരത്തൺ കടന്നുപോകുന്നതായിരുന്നു ഏറ്റവും മനോഹരമായ കാഴ്ച. ഓട്ടക്കാർക്കായി കാറ്റും കടലും കയ്യടിച്ചു. മാരത്തൺ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഏതാണ്ട് പകുതി ദൂരം പൂർത്തിയായി. ആഫ്രിക്കൻ താരങ്ങൾക്ക് ഒപ്പമെത്താൻ മറ്റൊരു രാജ്യത്തിന്റെ ഒരു താരം പോലുമില്ല.

ബോളിവുഡ് മുതൽ നാട്ടുകാർ വരെ

മറൈൻ ഡ്രൈവിലേക്കു കടന്ന ഫുൾ മാരത്തൺ തിരികെ സിഎസ്എംടിയിലെ ഫിനിഷിങ് പോയിന്റിലേക്ക് നീങ്ങവെ സിഎസ്എംടിയിൽ നിന്ന് ഡ്രീം റൺ എന്ന ആവശേത്തിന് അണപൊട്ടി. വ്യവസായ പ്രമുഖർ, കോളജ് വിദ്യാർഥികൾ, സന്നദ്ധ സംഘടനയുടെ ടീമുകൾ പാട്ടും മേളവുമായി അണിചേർന്നു.  വിജയിക്കാൻ ഓടുക എന്നതിനേക്കാൾ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം, സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പകരുകയാണ് ഡ്രീം റൺ മത്സരാർഥികൾ. 

ഫുൾ മാരത്തൺ റൂട്ട്

ഡിഎൻ റോഡിലൂടെ ഹുതാത്‌മ ചൗക്ക് (ഫൗണ്ടൻ) വഴി ചർച്ച്ഗേറ്റ് വഴി നരിമാൻ പോയിന്റിലെത്തി മറൈൻ ഡ്രൈവിലൂടെ ബാന്ദ്രയിലേക്കു പോയി തിരികെ സിഎസ്എടിയിലെ പ്രധാന വേദിയിലേക്കായിരുന്നു ഫുൾ മാരത്തൺ.  മറൈൻ ഡ്രൈവിൽ നിന്നു മലബാർ ഹിൽ പിന്നിട്ട് ഹാജി അലി വഴി വർളിയിൽ. തുടർന്നു കടൽപാലത്തിലൂടെ ബാന്ദ്രയിലെത്തി അവിടെ നിന്ന് ദാദർ വഴി തിരികെ മറൈൻ ഡ്രൈവിലെത്തി സിഎസ്എംടിയിൽ ഫിനിഷ് ചെയ്യുന്ന വിധമായിരുന്നു റൂട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com