ADVERTISEMENT

മുംബൈ ∙ ഓൺലൈനിൽ ഫ്രിജ് വിൽക്കാൻ ശ്രമിച്ച മലയാളിയിൽ നിന്നു പണം തട്ടാൻ സൈബർ കുറ്റവാളികളുടെ ശ്രമം. ഡോംബിവ്‍ലി വെസ്റ്റ് കോപറിൽ താമസിക്കുന്ന അങ്കമാലി സ്വദേശി വർഗീസ് ഏലിയാസ് ആണ് തട്ടിപ്പിൽ നിന്നു തന്ത്രപരമായി  രക്ഷപ്പെട്ടത്.ഭാണ്ഡൂപ്പിൽ ഇലക്ട്രോണിക്സ് വർക്‌‌ഷോപ്പ് നടത്തുന്ന വർഗീസ് ‘ഒഎൽഎക്സ് ’എന്ന പോർട്ടലിൽ ഫ്രിജ്  വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തി. പഴയ വസ്തുക്കൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന പോർട്ടൽ ആണിത്. 10 മിനിറ്റ് കഴിഞ്ഞപ്പോൾ പുണെയിൽ നിന്ന് ശർമ എന്ന  ഒരാൾ വിളിച്ചു ഫ്രിജ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. 

25,000 രൂപ വിലയിട്ടിരുന്ന ഫ്രിഡ്ജ് 22,000 രൂപയ്ക്ക് ഉറപ്പിച്ചു. ഓൺലൈനിൽ തുക അയയ്ക്കാമെന്നു പറഞ്ഞ ശർമ വാട്സാപ് നോക്കാൻ പറഞ്ഞു. വാട്സാപ്പിൽ നോക്കിയപ്പോൾ  തുക അയച്ചതായി എഴുതിക്കണ്ടു. വാട്സാപ്പിൽ എങ്ങനെ പണമയച്ചുവെന്നു തിരക്കിയപ്പോൾ, മർച്ചന്റ് കാർഡ് ആണെന്നും വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിനൊപ്പമുള്ള ക്യൂആർ കോഡ്,  പണമിടപാട് കമ്പനിയായ ‘ഫോൺപേ’ തുറന്ന് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു., ഫോൺപേയിലെ ക്യാമറയിൽ കോഡ് സ്കാൻ ചെയ്തു. ഉടൻ   ‘സെൻഡ്’ എന്ന ഓപ്ഷൻ വന്നു.

‘ഇതു തുക അയയ്ക്കാനുള്ളതാണല്ലോ’യെന്നു  വർഗീസ് ആരാഞ്ഞതും   തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു. പിന്നെ വിളിച്ചിട്ട് എടുത്തില്ല. സൈബർ കുറ്റവാളികളുടെ തട്ടിപ്പിൽപ്പെടാതിരിക്കാൻ, ബാങ്കുമായി ലിങ്ക് ചെയ്യാത്ത മൊബൈൽ നമ്പറാണ് താൻ ഉപയോഗിച്ചതെന്നും വർഗീസ് ചൂണ്ടിക്കാട്ടി. ഇതിനു ശേഷം അന്ധേരിയിൽ നിന്ന് സിങ് എന്ന ഒരാളും വിളിച്ചു. ഇയാളും പണം അയയ്ക്കാൻ ശർമയുടെ മാർഗമാണ് പിൻതുടർന്നത്. ഈ രീതിയിൽ തട്ടിപ്പുകാർ പലരിൽ നിന്നും തുക തട്ടിയെടുത്തിരിക്കാൻ സാധ്യതയുണ്ട്.

ഇടപാടു നടത്തുന്നവരുടെ ശ്രദ്ധ തിരിക്കാനും  നേരായ ഇടപാടാണ് നടത്തുന്നതെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ചില തന്ത്രങ്ങളും ഇയാൾ പ്രയോഗിച്ചെന്നു വർഗീസ് പറയുന്നു. 22,000 രൂപ ഒന്നിച്ച് അയയ്ക്കുന്നതിനു പകരം 19,999 രൂപ അയച്ചതായാണ് വാട്സാപ്പിൽ സന്ദേശം വന്നത്. മർച്ചന്റ് കാർഡിൽ ഒറ്റത്തവണ ഇത്രയും തുകയെ അടയ്ക്കാൻ കഴിയുള്ളുവെന്നും ബാക്കി തുക രണ്ടാമത് അയയ്ക്കാമെന്നുമാണ് ഇയാൾ വെളിപ്പെടുത്തിയത്. 

സൈബർ തട്ടിപ്പിനെതിരെ ഇൻഷുറൻസ് പരിരക്ഷ

മുംബൈ ∙ സൈബർ തട്ടിപ്പിൽ പണം പോയാൽ നഷ്ടപരിഹാരം ലഭിക്കാൻ നിലവിൽ ഇൻഷുറൻസ് സംവിധാനമുണ്ട്.  ചില ബാങ്കുകളിൽ  ഇൻഷ്വർ ചെയ്യാൻ സൗകര്യമുണ്ട്. അതില്ലാത്തവർക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെടാം. സൈബർ ക്രൈം സംഭവങ്ങളിൽ വൻ തുക നഷ്ടപ്പെടുന്നതു പതിവായ സാഹചര്യത്തിൽ തങ്ങൾക്കും  നഷ്ടപ്പെടുമോയെന്ന ആശങ്ക മിക്കവർക്കുമുണ്ട്. തുക ഇൻഷ്വർ ചെയ്യുക വഴി ഈ ആശങ്കയിൽ  നിന്നു രക്ഷപ്പെടാനാകും. 5 ലക്ഷം വരെയുള്ള തുകയ്ക്ക് വർഷം  2200–3600 വരെയും 50 ലക്ഷം വരെയുള്ള തുകയ്ക്ക്  7300–10,500 വരെയുമാണ് പ്രീമിയം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com