sections
MORE

കോവിഡ് വെല്ലുവിളി; അതിജീവിക്കും നമ്മൾ

lovers-with-face-mask
കൊറോണക്കാലത്തെ പ്രണയം... കോവിഡ് മുൻകരുതലിന്റെ ഭാഗമായി മുംബൈ മറൈന്‍ ഡ്രൈവില്‍ മുഖാവരണവും മാസ്കും ധരിച്ച് ഇരിക്കുന്ന കമിതാക്കള്‍. ചിത്രം വിഷ്ണു വി.നായർ ∙ മനോരമ
SHARE

മുംബൈ ∙ ഭീകരാക്രമണങ്ങളും സ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും അധോലോകവും സംഘർഷങ്ങളുമെല്ലാം ഒന്നിനു പുറകെ മറ്റൊന്നായി വേട്ടയാടിയപ്പോഴും കരം കോർത്ത് പിടിച്ച് അവയെ മറികടന്ന മുംബൈയുടെ കരുത്തിന് പുതിയ വെല്ലുവിളി ഉയർത്തി കോവിഡ്. 15 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും 2 പേർ വെന്റിലേറ്ററിലുമായിരിക്കെ രോഗവ്യാപനത്തിന്റെ ആശങ്ക പടരുമ്പോഴും ഞങ്ങൾ അതിജീവിക്കുമെന്നാണ് ഓരോ നഗരവാസിയും മനസ്സിൽ പറയുന്നത്; ചരിത്രവും അതു തന്നെ. 

ജനസംഖ്യയും യാത്രക്കാരുടെ തിരക്കുമാണ് മുംബൈയുടെ ഏറ്റവും വലിയ വെല്ലുവിളി. വൈറൽ രോഗങ്ങളുടെ വ്യാപനത്തിന് അതാണ് പ്രധാന കാരണവും. 390 കിലോമീറ്ററിൽ പരന്നു കിടക്കുന്നതാണ് മുംൈബയുടെ ലോക്കൽ ട്രെയിൻ ശൃംഖല. പ്രതിദിനം 2342 ട്രെയിൻ സർവീസുകൾ; അവയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 80 ലക്ഷത്തോളം പേർ. മുംബൈ കോർപറേഷനു കീഴിലുളള ‘ബെസ്റ്റ്’ 3500 ബസ് സർവീസുകളാണ് ഒരു ദിവസം നടത്തുന്നത്. ലക്ഷക്കണക്കിനു യാത്രക്കാർ അവയെയും ആശ്രയിക്കുന്നു. 

ഉന്നത ഉദ്യോഗസ്ഥർ മുതൽ കുറഞ്ഞ വരുമാനക്കാർ വരെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നു. ദിവസക്കൂലിക്കാരും രോഗികളുമെല്ലാം ആശ്രയിക്കുന്നു. മുംബൈയുടെ ജീവനാഡി എന്നറിയപ്പെടുന്ന ട്രെയിനുകൾ നിലച്ചാൽ നഗരം നിശ്ചലമാകും. കടകളും ഹോട്ടലുകളും അടയും. ആശുപത്രികളിൽ വിവിധ രോഗങ്ങൾക്കു ചികിൽസയിൽ കഴിയുന്നതടക്കം ഒട്ടേറെപ്പേർ ഒറ്റപ്പെട്ടേക്കാം. സർക്കാർ ജീവക്കാരുടെയും നഴ്സുമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരുടെയും പോക്കുവരവിനെയും അതു ബാധിക്കും. അതു തന്നെയാണ് അവശ്യസർവീസിൽ ഉൾപ്പെടുന്ന ലോക്കൽ ട്രെയിൻ സർവീസ് നിർത്താതെ ആളുകളെ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിനു കാരണം.

ലോക്കൽ ട്രെയിനിൽ യാത്രക്കാർ കുറഞ്ഞു

മുംബൈ ∙  കോവിഡ് ഭീതി മൂലം മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ലോക്കൽ ട്രെയിനുകളിലും റോഡുകളിലും മുംബൈയിലെ മെട്രോ, മോണോ ട്രെയിനുകളിലും യാത്രക്കാരുടെ തിരക്കു കുറഞ്ഞു. എന്നാൽ, 80 ലക്ഷം പേരിൽ നിന്നു യാത്രക്കാർ പകുതിയിലേറെ കുറഞ്ഞാൽപ്പോലും രോഗവ്യാപനത്തിന്റെ വലിയ ഭീഷണി നിലനിൽ‍ക്കുന്നു.

അത്യാവശ്യക്കാർ മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ ആവർത്തിച്ച് അറിയിച്ചിട്ടും ആയിരക്കണക്കിനു കടകളും സ്ഥാപനങ്ങളും ഓഫിസുകളും ഇന്നലെയും തുറന്നു. കച്ചവടവും ബിസിനസും ഇല്ലാഞ്ഞിട്ടും തുറന്നിരിക്കുകയാണ്. ഇവയുടെ ഉടമകളും ജീവനക്കാരിൽ ഏറെയും യാത്ര ചെയ്ത് എത്തുന്നുണ്ട്. തിരക്കു കുറഞ്ഞില്ലെങ്കിൽ കടുത്ത നടപടിയെന്നാണ് സർക്കാർ മുന്നറിയിപ്പ്. 

പശ്ചിമ റെയിൽവേയിൽ 8 ലക്ഷത്തിൽ പരം യാത്രക്കാർ കുറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ ലോക്കൽ ട്രെയിനിൽ യാത്രക്കാർ ചെറിയ തോതിൽ കുറഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ടും തിങ്കളാഴ്ച പശ്ചിമ റെയിൽവേയിൽ  40.75 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്നു. ഇതു ചൊവ്വാഴ്ച 32.60 ലക്ഷമായി കുറഞ്ഞു. ആകെ 8.15 ലക്ഷം പേരാണ് ഒറ്റ ദിവസം കൊണ്ടു കുറഞ്ഞത്. ഇന്നലെ ആകെ യാത്രക്കാരിൽ 30 ശതമാനത്തിലേറെ കുറഞ്ഞു.

മധ്യ റെയിൽവേയിൽ കഴിഞ്ഞ ആഴ്ചയിൽ 5 ലക്ഷം യാത്രക്കാർ കുറഞ്ഞിരുന്നു. ഇപ്പോൾ 7-9 ലക്ഷം യാത്രക്കാർ കുറഞ്ഞിട്ടുണ്ടാകാമെന്നും മധ്യ റെയിൽവേ ചൂണ്ടിക്കാട്ടി. നഗരത്തിലെ മുഖ്യയാത്രാമാർഗമായ പശ്ചിമ, മധ്യ റെയിൽവേകളിലെ ലോക്കൽ ട്രെയിനുകളിൽ  പ്രതിദിനം 75 ലക്ഷത്തിൽപ്പരം പേരാണ് യാത്രചെയ്യുന്നത്. ഇതിൽ ഏതാനും ലക്ഷം കുറഞ്ഞതുകൊണ്ട് കാര്യമില്ല. രാവിലെയും വൈകിട്ടും ഇന്നലെയും ലോക്കൽ ട്രെയിനുകളിൽ തിരക്കുണ്ടായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN mumbai
SHOW MORE
FROM ONMANORAMA