ADVERTISEMENT

മുംബൈ ∙ കോവിഡ്  രോഗികൾ  വർധിച്ചതോടെ വലയുന്നത് മറ്റു രോഗികൾ.  സർക്കാർ, മുനിസിപ്പൽ ആശുപത്രികളിൽ ഒപിഡിയിൽ കോവിഡ് ഇതരരോഗങ്ങൾ ചികിത്സ തേടി നീണ്ട ക്യൂവാണുള്ളത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന തിരക്കിൽ മറ്റു രോഗികളെ നോക്കാൻ വേണ്ടത്ര ഡോക്ടർമാരോ നഴ്‌സുമാരോ ഇല്ലെന്നാണ് ആരോപണം. സർക്കാരിന്റെ കീഴിലുള്ള കെഇഎം ആശുപത്രി,  ബിഎംസിയുടെ കീഴിലുള്ള നായർ ആശുപത്രി എന്നിവിടങ്ങളിൽ കോവിഡിതര രോഗികളെ ചികിത്സിക്കാനുള്ള ജീവനക്കാരുടെ കുറവു പ്രകടം.

നായർ ആശുപത്രിയിലെ മുഴുവൻ കിടക്കകളിലും കോവിഡ് രോഗികൾ നിറഞ്ഞു.  കെഇഎമ്മിൽ 400 കിടക്കകൾ കോവിഡ് രോഗികൾക്കായി സർക്കാർ മാറ്റവച്ചിരിക്കുകയാണ്.  മറ്റു രോഗങ്ങളുമായി വരുന്നവരെ പ്രവേശിപ്പിക്കാനാവാതെ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നു കെഇഎം ആശുപത്രി ഡീൻ ഡോ. ഹേമന്ത് ദേശ്മുഖ് പറഞ്ഞു.  ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട രോഗവുമായി വരുന്നവരെ തിരിച്ചയയ്ക്കാൻ പറ്റില്ല. പലരും കിടക്ക കിട്ടുമെന്നു പ്രതീക്ഷിച്ച് പാതിരാത്രിവരെ കാത്തിരിക്കും.

താനെയില്‍ അതിഥിത്തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് പോകാനായി എസ്ടി ബസ് കാത്ത് നില്‍ക്കുന്നു. ചിത്രങ്ങൾ: മനോരമ

പിന്നെ തിരിച്ചു പോകും. ഗർഭിണികൾക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.  സർക്കാർ-ബിഎംസി ആശുപത്രികളിൽ കൊണ്ടുപോകാനാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നത്. കിടക്കയില്ലാത്തത് സർക്കാർ ആശുപത്രികളെയും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നു  ഡോ. ഹേമന്ത് ദേശ്മുഖ് ചൂണ്ടിക്കാട്ടി.

നായർ ആശുപത്രി പ്രസവ വാർഡിൽ നൂറാമത്തെ കൺമണി

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി നായർ സർക്കാർ ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക വാർഡിൽ നൂറാമത്തെ കുഞ്ഞിന്റെ പിറവി. ഇവിടെ, പ്രത്യേക വാർഡ് തുറന്ന് ഒരു മാസം പിന്നിട്ട വേളയിലാണ് നൂറാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്. ഇതിൽ ഇരട്ടകളും ഒരമ്മയ്ക്കു പിറന്ന 3 കുഞ്ഞുങ്ങളുമെല്ലാം ഉൾപ്പെടും. 2.7 കിലോഗ്രാം ഭാരമുള്ള ആൺകുട്ടിയാണ് നൂറാമൻ. 24 എണ്ണം സിസേറിയൻ ആയിരുന്നെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.നീരജ് മഹാജൻ ചൂണ്ടിക്കാട്ടി.

കുഞ്ഞിന് അമ്മയുടെ മുലപ്പാൽ നൽകാൻ അനുവദിക്കുന്നുണ്ടെന്നും ഇതുവരെ ഒരു കുഞ്ഞിനുപോലും കോവിഡ് ഇല്ലെന്നത് വലിയ ആശ്വാസമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് ബാധിക്കുന്ന ഗർഭിണികൾക്കു മുന്നിൽ പ്രസവത്തിനു സ്വകാര്യ ആശുപത്രികൾ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോഴാണ് നായർ സർക്കാർ മെഡിക്കൽ കോളജ് എല്ലാവിധ സൗകര്യങ്ങളും പരിചരണവുമൊരുക്കുന്നത്. 

മോർച്ചറിയിൽ ആശയക്കുഴപ്പം; യുവാവിന്റെ മൃതദേഹം മറ്റൊരു കുടുംബം സംസ്കരിച്ചു

മുംബൈ ∙ നവിമുംബൈ മുനിസിപ്പൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം തങ്ങളുടെ ബന്ധുവിന്റേതാണെന്നു തെറ്റിദ്ധരിച്ച് മറ്റൊരു കുടുംബം സംസ്കരിച്ചു. നവിമുംബൈ മുനിസിപ്പൽ കോർപറേഷന്റെ വാശിയിലെ ആശുപത്രിയിലാണ് സംഭവം.ഈ മാസം എട്ടിനു മരണമടഞ്ഞ 29 വയസ്സുകാരന്റെ മൃതദേഹമാണ് ഇതരമതക്കാരായ മറ്റൊരു കുടുംബം ഏറ്റെടുത്തു സംസ്കരിച്ചത്. കോവിഡ് പരിശോധനാഫലം വരാൻ വേണ്ടിയാണ് മോർ‍ച്ചറിയിലേക്കു മൃതദേഹം മാറ്റിയത്.

4 ദിവസത്തിനു ശേഷം ഫലം നെഗറ്റീവ് ആയപ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. അതനുസരിച്ച് എത്തിയപ്പോഴാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 29കാരന്റെ മൃതദേഹം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുകാർ ആശുപത്രി അധികൃതരെയും പൊലീസിനെയും സമീപിച്ചു. മൃതദേഹം തെറ്റി ഏറ്റുവാങ്ങിയ വീട്ടുകാരും അധികൃതർക്കെതിരെ പരാതി ഉയർത്തിയിട്ടുണ്ട്. മോർച്ചറി ജീവനക്കാർ നമ്പർ ഇട്ടപ്പോൾ സംഭവിച്ച പിശകായിരിക്കും പിഴവിനു കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. അന്വേഷണം നടത്തുകയാണെന്ന് ആശുപത്രി അധികൃതരും പൊലീസും പറഞ്ഞു. 

കോവിഡ് ബാധിതരുടെ സംസ്കാരം ചട്ടങ്ങൾ പാലിച്ച് : ബിഎംസി

മുംബൈ ∙ കൊറോണ വൈറസ് മൃതദേഹങ്ങൾ വഴി പകരില്ലെന്നും കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ നിർദിഷ്ട മാർഗരേഖകൾ പാലിക്കുന്നുണ്ടെന്നും ബിഎംസി ഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബാന്ദ്ര കബറിസ്ഥാനിൽ കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹർജിക്ക് മറുപടി നൽകുകയായിരുന്നു ബിഎംസി.

മൃതദേഹങ്ങളിൽ നിന്നു കോവിഡ് പകർന്നതിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗരേഖകളിൽ ഇതുവ്യക്തമാക്കിയിട്ടുണ്ടെന്നും ബിഎംസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൃതദേഹങ്ങൾ ശരിയാംവണ്ണം സംസ്‌കരിച്ചില്ലെങ്കിൽ കോവിഡിന്റെ സമൂഹവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് സമീപവാസികൾ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com