ADVERTISEMENT

മുംബൈ ∙ കോവിഡ് ദുരിതങ്ങൾക്കിടെ കണ്ടെയന്റ്മെന്റ് സോണുകളിൽ ലോക്ഡൗൺ 30 വരെ നീട്ടിയ മഹാരാഷ്ട്ര സർക്കാർ നോൺ- കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകളിലേക്കു വാതിൽ തുറന്നു. പ്രതിദിനം ശരാശരി രണ്ടായിരത്തലിധികം പേർക്കു രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ശരാശരി 80 പേർ മരിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാനം ഈ മാസം 3 മുതൽ കോവിഡ് വെല്ലുവിളിയെ ഘട്ടം ഘട്ടമായി മറിടക്കാനുള്ള ആദ്യ ചുവടു വച്ചിരിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക, പതിയെ രോഗത്തെ മറികടക്കുക എന്നതാണ് ഇന്നലെ പ്രഖ്യാപിച്ച ഇളവുകളിലൂടെ സർക്കാർ അർഥം വയ്ക്കുന്നത്.

ലോക്ഡൗൺ ഇളവു തുടങ്ങുമ്പോൾ എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചു വേണം ആളുകൾ പെരുമാറാനെന്നും രോഗത്തെ തോൽപിച്ച് രാജ്യത്തിനൊന്നാകെ മഹാരാഷ്ട്ര മാതൃകയാകണമെന്നും ഇളവുകൾ പ്രഖ്യാപിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ലോക്ഡൗൺ എന്ന വാക്ക് പതിയെ നമ്മുടെ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉപാധികളോടെ ചിത്രീകരണം 

മഹാരാഷ്ട്രയിൽ നോൺ കണ്ടെയ്ൻമെന്റ് സോണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കു വിധേയമായി സിനിമ, സീരിയൽ, വെബ് സീരീസ് എന്നിവയുടെ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകി. ചട്ടം ലംഘിച്ചാൽ ചിത്രീകരണം നിരോധിക്കും. സാമൂഹിക അകലം പാലിക്കണം. തിക്കും തിരക്കും ചിത്രീകരണ വേളയിൽ പാടില്ല. ചിത്രീകരണം തുടങ്ങാനുള്ള അനുമതിക്കായിഫിലിം ആൻ‍ഡ് തിയറ്റർ, കൾച്ചറൽ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് സിനിമാ നിർമാതാക്കൾ അപേക്ഷ നൽകണം. 

പത്രവിതരണം ഞായർ മുതൽ 

മുംബൈ അടക്കമുള്ള നഗരങ്ങളിലെ ഫ്ലാറ്റുകളിൽ അടുത്ത ഞായർ മുതൽ പത്രവിതരണത്തിന് സർക്കാർ അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിതരണക്കാർ വിട്ടുനിന്നത് നഗരത്തിൽ പത്രവിതരണത്തെ ബാധിച്ചിരുന്നു. ഹൗസിങ് സൊസൈറ്റികളും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതാണ് സർക്കാർ നീക്കിയിരിക്കുന്നത്.

ഇളവുകൾ... ജൂൺ 3 മുതൽ: 

ഹൗസിങ് സൊസൈറ്റി ഗ്രൗണ്ടുകളിൽ പ്രഭാത നടത്തം, സൈക്ലിങ് എന്നിവയ്ക്ക് രാവിലെ 5 മുതൽ വൈകിട്ട് 7 വരെ അനുമതി. പൊതുഇടങ്ങളിൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യാം. സർക്കാർ ഓഫിസുകൾ 15 ശതമാനം ജീവനക്കാരോടെയോ, 15 ജീവനക്കാരെ വച്ചോ തുറക്കാം. പ്ലമർ, ഇലക്ട്രിഷ്യൻ, പെസ്റ്റ് കൺട്രോൾ സ്റ്റാഫ്, മറ്റു സാങ്കേതിക മേഖലയിലുള്ള തൊഴിലാളികൾ എന്നിവർക്കു പ്രവർത്തനാനുമതി. ഇവർ സാമൂഹിക അകലം പാലിക്കണം. 

ജൂൺ 5 മുതൽ: 

നോൺ കണ്ടെയ്ൻമെന്റ് സോണുകളിൽ മാർക്കറ്റുകളും കടകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തനാനുമതി. റോഡിന്റെ ഒരു വശത്തുള്ള ഉള്ള കടകൾ ഇന്നു തുറക്കുമെങ്കിൽ മറുവശത്തുള്ളത് നാളെ എന്ന മട്ടിലായിരിക്കണം പ്രവർത്തനം. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തനാനുമതി. തുണിക്കടകളിൽ ട്രയൽ റൂമുകൾ അനുവദിക്കില്ല. വസ്ത്രങ്ങൾ മാറ്റിവാങ്ങാനും വിലക്ക്.  അവശ്യസാധന, സേവന ആവശ്യങ്ങൾക്കായി ടാക്സി, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഉപയോഗിക്കാം. ടാക്സികളിൽ ഡ്രൈവർക്കു പുറമെ 2 പേർ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. 

ജൂൺ 8 മുതൽ: 

സ്വകാര്യ ഓഫിസുകൾ 10 ശതമാനം ജീവനക്കാരുമായി തുറക്കാം. ശേഷിക്കുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വിധമാണിത്. വർൿഷോപ്, ഗാരിജ് എന്നിവ തുറക്കാം. എന്നാൽ, മുൻകൂട്ടി സന്ദർശനാനുമതി ഉറപ്പാക്കി, തിരക്കൊഴിവാക്കിയായിരിക്കണം ഉപയോക്താക്കളുടെ സന്ദർശനം. 

നിരോധനം: 

ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്കു പ്രവർത്തനാനുമതിയില്ല. രാജ്യാന്തര വിമാന സർവീസ്, മെട്രോ, ലോക്കൽ ട്രെയിൻ എന്നിവയ്ക്കു നിയന്ത്രണം തുടരും. തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ, പൊതു പാർക്ക്, ബാറുകൾ, ഓഡിറ്റോറിയം, മറ്റു സമ്മേളന ഹാളുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ എന്നിവ അടഞ്ഞു തന്നെ. ജില്ലകൾക്കിടയിൽ ബസ് യാത്രയ്ക്ക് അനുമതിയില്ല. ജില്ലയ്ക്കുള്ളിൽ 50 ശതമാനം യാത്രക്കാരുമായി ബസ് സർവീസിന് അനുമതി. കോവിഡ് ബാധിത മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. 

യാത്രാ അനുമതി: 

സംസ്ഥാനത്തിനക‍ത്തും സംസ്ഥാനങ്ങൾക്കിടയിലും മെഡിക്കൽ, ശുചീകരണ രംഗത്തു പ്രവർത്തിക്കുന്നവർക്കും ആംബുലൻസിനും യാത്രാ നിയന്ത്രണങ്ങളില്ല. സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾക്കിടയിലും അതിഥി തൊഴിലാളികൾക്കു നിയന്ത്രണങ്ങൾക്കു വിധേയമായി യാത്ര അനുവദിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com