ADVERTISEMENT

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ് പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്ക് എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് എടുക്കണമെന്ന് നടന്റെ പിതാവ് പാറ്റ്ന പൊലീസിൽ പരാതി നൽകി. പാറ്റ്‌ന സ്വദേശികളാണു സുശാന്തിന്റെ കുടുംബം. സുശാന്തിന്റെ പണം നടി തട്ടിയെടുത്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

അന്വേഷണ ഭാഗമായി പറ്റ്‌ന പൊലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. റിയയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റ് 6 പേരുടെ പേരുകൾ കൂടി എഫ്‌ഐആറിൽ ഉണ്ട്. ഇതാദ്യമായാണു സുശാന്തിന്റെ കുടുംബാംഗങ്ങൾ പരാതിയുമായി രംഗത്തെത്തുന്നത്. അതേസമയം, ഈ മാസമാദ്യം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കേസ് സിബിഐയെ ഏൽപിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു റിയ ചക്രവർത്തി ആവശ്യപ്പെട്ടിരുന്നു. നടന്റെ മരണശേഷം തനിക്ക് പീഡന, വധഭീഷണികൾ ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

കരൺ ജോഹറിന്റെ  നിർമാണ കമ്പനി സിഇഒയെ ചോദ്യം ചെയ്തു

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധർമ പ്രൊഡക്‌ഷൻസ് എന്ന സിനിമാ നിർമാണ കമ്പനിയുടെ സിഇഒ അപൂർവ മേത്തയെ പൊലീസ് ചോദ്യം ചെയ്തു. അമ്പോളി പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സുശാന്ത് കമ്പനിയുമായി ഉണ്ടാക്കിയ കരാർ രേഖകളും പൊലീസ് പരിശോധിച്ചു. സംവിധായകൻ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്‌ഷൻസ് നിർമിച്ച ‘ഡ്രൈവ്’ (2019) എന്ന സിനിമയിൽ സുശാന്ത് അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 14ന് ആണ്  സുശാന്തിനെ  ബാന്ദ്രയിലെ അപാർട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിൽപരമായ  ശത്രുത, വിഷാദം എന്നിവ നടനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന ദിശയിലാണ് പൊലീസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സംവിധായകരായ  സഞ്ജയ് ലീല ബൻസാലി,  മഹേഷ് ഭട്ട്, ആദിത്യ ചോപ്ര, ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്  എന്നിവർ ഉൾപ്പെടെ 39 പേരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com