ADVERTISEMENT

മുംബൈ∙ കോവിഡ് ബാധിച്ചു മരിച്ച 75 പേരുടെ അന്ത്യകർമങ്ങൾ ജാതിമതഭേദമെന്യേ നടത്താൻ സഹായിച്ച യുവാക്കളുടെ സംഘം മാതൃക. ഔറംഗാബാദിലെ നാന്ദേഡ് നിവാസികളായ 20 യുവാക്കളാണു പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയത്. 'ഹാപ്പി ക്ലബ്' എന്ന കൂട്ടായ്മയിൽ അംഗങ്ങളായ ഇവർ കോവിഡിനു മുൻപ് അനാഥശവങ്ങളുടെ സംസ്‌കാരത്തിനു മുൻകയ്യെടുത്തു പ്രവർത്തിച്ചിരുന്നു. കോവിഡ് കാലത്ത് മൃതദേഹങ്ങൾക്കു മാന്യമായ സംസ്‌കാരം ഉറപ്പുവരുത്തുക പലർക്കും വെല്ലുവിളിയായപ്പോൾ ആ ദൗത്യവും അവർ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ 4 മാസമായി നാന്ദേഡിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരത്തിന് ബന്ധുക്കളെ സഹായിക്കുന്നു. ഇതുവരെ 75 പേരുടെ സംസ്കാരം നടത്തിയെന്ന് ഹാപ്പി ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഷൊയെബ് പറഞ്ഞു. മരിച്ചയാളുടെ മതാചാരപ്രകാരമാണ് സംസ്‌കാരം നടത്തുക. പലപ്പോഴും കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ ഒന്നുകിൽ ക്വാറന്റീനിൽ അല്ലെങ്കിൽ ചികിത്സയിൽ ആയിരിക്കും. അത്തരം സാഹചര്യത്തിൽ നമ്മൾ സഹായിച്ചേ മതിയാവൂ-ഷൊയെബ് പറഞ്ഞു.

നാന്ദേഡ് മുനിസിപ്പൽ കോർപറേഷന്റെ (എൻഎംസി) പിന്തുണയും ഇവർക്കുണ്ട്. ആവശ്യമുള്ള പിപിഇ കിറ്റുകൾ എൻഎംസി ആണ് ലഭ്യമാക്കുന്നത്. ഈ സേവനത്തിന് ഇതുവരെ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നു സംഘത്തിൽ പെട്ട സയ്യിദ് അമർ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളുടെ പ്രോത്സാഹനവും ഉണ്ടെന്ന് സംഘാംഗമായ മുഹമ്മദ് സൊഹെയ്ൽ പറഞ്ഞു. യുവാക്കളുടെ കർമം പ്രശംസനീയമാണെന്ന് എൻഎംസി ഡപ്യൂട്ടി കമ്മിഷണർ ശുഭം ക്യാതംവർ പറഞ്ഞു. ''ഇത്രയും പേരുടെ സംസ്‌കാരത്തിനു സഹായിച്ചിട്ടും ഇവരിൽ ആർക്കും കോവിഡ് ബാധയില്ല. മതിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ കോവിഡ് അകറ്റി നിർത്താനാകും എന്നതിന്റെ തെളിവാണിത്''- ശുഭം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com