ADVERTISEMENT

മുംബൈ∙ ലോക്ഡൗൺ തുടങ്ങിയപ്പോൾ അടച്ചുപൂട്ടിയ ജിമ്മുകൾ ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല. നീന്തൽകുളങ്ങളിലും ഉദ്യാനങ്ങളിലെ ഓപ്പൺ ജിമ്മുകളിലും ജോഗിങ് പാതകളിലുമൊക്കെ കോവിഡ് നിയന്ത്രണം. ലോക്ഡൗൺ ആരംഭം മുതൽ വീടുകളിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാതെ വ്യായാമരഹിത ജീവിതം തുടർന്നവരിൽ പലരും  ശരീരം അനങ്ങാത്തതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയുന്നത്. സൂര്യവെളിച്ചംപോലും ഏൽക്കാതെ മാസങ്ങൾ തള്ളിനീക്കിയതിന്റെ മടുപ്പു മാറ്റാൻ, നിയന്ത്രണങ്ങളിലെ ഇളവുകൾക്കു പിന്നാലെ പലരും പുറത്തിറങ്ങിത്തുടങ്ങി.

കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത മേഖലകളിൽ ചിലർ പുലർച്ചെ ആളനക്കം കൂടുംമുൻപ് ഫ്ലാറ്റുകൾക്കു സമീപത്തെ മൈതാനങ്ങളിൽ ഓട്ടവും നടത്തവും പുനരാരംഭിച്ചു. ചിലർ ഹൗസിങ് സൊസൈറ്റി പരിസരത്തു തന്നെയാണു നടത്തം. മറ്റു ചിലർ മാസ്കും ധരിച്ച്, സാമൂഹിക അകലം പാലിച്ച് സൈക്കിൾ സവാരിക്കാരായി. കഴിഞ്ഞ ഫെബ്രുവരി വരെ ദീർഘദൂര സൈക്കിൾ സവാരി നടത്തിയിരുന്ന വസായിലെ സൈക്കിൾ റൈഡേഴ്സ് ക്ലബ് ലോക്ഡൗൺ ഇളവിന് ശേഷം ഹ്രസ്വദൂര സവാരികൾ ആരംഭിച്ചതായി ക്ലബ്ബ് പ്രതിനിധി വിനോദ് നമ്പ്യാർ പറഞ്ഞു.

‘എത്രകാലം പുറംലോകം കാണാതെ കഴിയാനാകും. രണ്ട് മാസം വീടിനുള്ളിൽ ഉണ്ടും ഉറങ്ങിയും ശരീരഭാരം അമിതമായി.  ശരീരത്തിന് ആവശ്യമായ വ്യായാമം ഇല്ലാതായി’ - വിനോദ് പറഞ്ഞു. കോവിഡിനെ നേരിടാൻ വ്യായാമം അനിവാര്യം എന്ന ചർച്ച സജീവമായതോടെ സൈക്കിളുകളുമായി പുറത്തിറങ്ങാൻ പ്രേരണയായെന്ന് വസായിലെ സോളമൻ പറഞ്ഞു. മുതിർന്ന പൗരൻമാരും കുട്ടികളുമാണ് ലോക്ഡൗൺ വേളയിൽ ഫ്ലാറ്റിനകത്തു തന്നെ കുടുങ്ങിയവരിലേറെയും. രോഗം പിടിപെടാൻ സാധ്യതയുള്ളതിനാൽ ഇരുകൂട്ടരെയും പുറത്തുവിടാൻ വീട്ടിലുള്ളവർ സമ്മതിക്കുന്നില്ല. വീട്ടമ്മമാരിൽ വലിയൊരു വിഭാഗവും വീട്ടിൽ തന്നെയാണ്. ‘മാസങ്ങളോളം വീട്ടിലിരുന്നശേഷം ഇടയ്ക്ക് പുറത്തിറങ്ങി നടക്കുമ്പോൾ കിതപ്പും മടുപ്പുമുണ്ട്. 5 കിലോഗ്രാം അരിയുടെ സഞ്ചി പിടിക്കുമ്പോൾ മുൻപില്ലാത്തവിധം അതിന്റെ ഭാരം അറിയാനുണ്ട്.  - നവിമുംബൈയിലെ വീട്ടമ്മ രജനി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com