ADVERTISEMENT

മുംബൈ ∙ ലോക്കൽ ട്രെയിനുകളിൽ എല്ലാ യാത്രക്കാർക്കും പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം നീളുന്നു. ഇന്നലെ ഇതുസംബന്ധിച്ച് തീരുമാനിക്കുമെന്നു സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തിരക്കില്ലാത്ത സമയങ്ങളിൽ, രാത്രി 10നും രാവിലെ ഏഴിനും മധ്യേ എല്ലാ യാത്രക്കാരെയും അനുവദിക്കുന്ന കാര്യമാണ് ആദ്യഘട്ടത്തിൽ സർക്കാർ ആലോചിക്കുന്നത്. കോവിഡ് നിരക്കു കുറഞ്ഞതോടെ ഭൂരിഭാഗം സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്.

മിക്ക ജീവനക്കാരോടും ഓഫിസുകളിലെത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഓഫിസ് സമയങ്ങളിൽ അവശ്യസേവനക്കാർക്കു മാത്രമാണ് ലോക്കൽ ട്രെയിനിൽ യാത്ര അനുവദിച്ചിട്ടുള്ളൂ. മറ്റു സമയങ്ങളിൽ എല്ലാ വിഭാഗം സ്ത്രീകൾക്കും. സ്വകാര്യ സ്ഥാപനങ്ങളും അവശ്യേതര മേഖലയിലും ജോലി ചെയ്യുന്ന പുരുഷൻമാർക്ക് റോഡ് യാത്ര മാത്രമാണ് ശരണം.

ജോലി നഷ്ടപ്പെടുമെന്നു ഭീതിയുള്ളതിനാൽ മണിക്കൂറുകൾ യാത്ര ചെയ്താണ് പലരും ഓഫിസിൽ വന്നുപോകുന്നത്. വൻതുകയാണ് ഓഫിസ് യാത്രയ്ക്കായി പലരും ടാക്സിക്കു ചെലവാക്കുന്നത്. ശമ്പളം കുറച്ചതടക്കമുള്ള പ്രതിസന്ധിക്കിടെയാണ് ഈ ദുരിതങ്ങൾ മാസങ്ങളായി തുടരുന്നത്. സർക്കാർ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് പല പാസഞ്ചർ അസോസിയേഷനുകളും ആലോചിക്കുന്നുണ്ട്.

പെട്രോളിനു പൊള്ളുംവില; പോക്കറ്റ് കാലിയാകും

മുംബൈ ∙ മുംബൈയിൽ പെട്രോൾവില 91 രൂപ പിന്നിട്ടു. ഡീസൽ വില 81.46 രൂപയായും ഉയർന്നു. പെട്രോളിന് 91.07 രൂപയാണ് ഇന്നലത്തെ നിരക്ക്. 2018 ഒക്ടോബറിൽ 91.34 രൂപ എത്തിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പെട്രോൾവില. ലോക്കൽ ട്രെയിനിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് സ്വന്തം വാഹനങ്ങളിലും ടാക്സികളിലും ലക്ഷക്കണക്കിനുപേർ ജോലിക്കു വന്നുപോകുന്ന വേളയിൽ ഇന്ധനവില വർധന വലിയ ആഘാതമാണ് ജനങ്ങൾക്ക് ഏൽപിക്കുന്നത്.

കോവിഡ് പ്രതിസന്ധിമൂലം ഭൂരിഭാഗം പേരുടെയും ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. കച്ചവടം നടത്തുന്നവർക്കാകട്ടെ പഴയതിന്റെ പകുതിപോലും തിരിച്ചെത്തിയിട്ടില്ല. ഇതിനിടെയാണ് അടിക്കടി ഇന്ധനവില കൂടുന്നത്. നിരക്ക് ഉയർന്നത് പോക്കറ്റ് ചോരാൻ ഒരു കാരണമാകുമ്പോൾ കടുത്ത ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നതിനാൽ ഇന്ധനക്ഷമത കുറഞ്ഞുള്ള സാമ്പത്തിക നഷ്ടവുമുണ്ട്.

ലോക്ഡൗൺ കുരുക്കിൽ മുംബൈ രണ്ടാമത്

മുംബൈ ∙ ലോക്ഡൗൺകാലത്ത് ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ഗണത്തിൽ മുംബൈ രണ്ടാമതെന്നു റിപ്പോർട്ട്. ടോം ടോം ഗ്ലോബൽ ട്രാഫിക് ഇൻഡക്സ് പുറത്തുവിട്ട കണക്കിലാണ് മുംബൈയുടെ യാത്രാദുരിതം എത്രമാത്രം രൂക്ഷമാണെന്ന സൂചനയുള്ളത്. ലോക്കൽ ട്രെയിൻ ആദ്യഘട്ടത്തിൽ നിർത്തുകയും,

പിന്നീട് പുനരാരംഭിച്ചപ്പോൾ എല്ലാവർക്കും യാത്ര അനുവദിക്കാതെ വരികയും ചെയ്തതോടെ റോഡിൽ വാഹനത്തിരക്ക് ഏറിയതാണ് ഏറ്റവും ഗതാഗതകുരുക്കുണ്ടായ ഇന്ത്യൻ നഗരമെന്ന ദുഷ്പേര് മുംബൈയുടെമേൽ വരാൻ കാരണം. മോസ്കോ ആണ് ഗതാഗതകുരുക്കു പട്ടികയിൽ ഒന്നാമത്. ബെംഗളൂരു ആറാമതും ഡൽഹി എട്ടാമതുമാണ്. ലോക്ഡൗൺ കാലത്ത് 57 രാജ്യങ്ങളിലെ 400 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ടോം ടോം ട്രാഫിക് ഇൻഡക്സ് പഠനം നടന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com