ADVERTISEMENT

മുംബൈ∙ വായ്പ കുടിശിക തീർപ്പാക്കാമെന്ന പേരിലും തട്ടിപ്പ്. കോവിഡും ലോക്ഡൗണും മൂലമുള്ള തൊഴിൽ നഷ്ടവും ബിസിനസ് മാന്ദ്യവും നിമിത്തം പലരുടെയും ബാങ്ക് വായ്പകളുടെ തിരിച്ചടവു മുടങ്ങിയ സാഹചര്യം മുതലെടുത്താണ് പുതിയ തട്ടിപ്പ്.
വായ്പ കുടിശിക ഒറ്റ  അടവു കൊണ്ട് തീർപ്പാക്കാമെന്നു  (വൺ ടൈം സെറ്റിൽമെന്റ്) വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കുന്നത്.
ബാങ്ക് ശാഖയിൽ നിന്നു വിളിക്കുന്നു എന്നു പറഞ്ഞാണ് തട്ടിപ്പുകാർ സ്വയം പരിചയപ്പെടുത്തുക. കുറഞ്ഞ തുകയ്ക്ക് വായ്പ തീർക്കാമെന്നു വാഗ്ദാനവും നൽകും. ഇതുപ്രകാരം തട്ടിപ്പുകാർ നിർദേശിച്ച രീതിയിൽ പണം കൈമാറിയ പലരും പിന്നീടാണ് പണം തങ്ങളുടെ ലോൺ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നു മനസ്സിലാക്കുക.

ഇത്തരത്തിൽ ദാദറിലെ ബിസിനസുകാരനെ കബളിപ്പിച്ച സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസം ശിവാജി പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദാദർ നിവാസിയായ സുനിൽ മാത്രെ എന്ന ബിസിനസുകാരനെ പഴ്‌സനൽ ലോണിലെ 1.74 ലക്ഷം രൂപയുടെ കുടിശിക 40,000 രൂപയ്ക്ക് സെറ്റിൽ ചെയ്യാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ കബളിപ്പിച്ചത്.  ബാങ്ക് ഉദ്യോഗസ്ഥരെന്ന് നടിച്ച തട്ടിപ്പുകാരുടെ നിർദേശപ്രകാരം കഴിഞ്ഞ ഒക്‌ടോബറിൽ പണം  അടച്ച മാത്രെ, ബാധ്യത തീർന്നു എന്നു കരുതി ഇരിക്കുകയായിരുന്നു. എന്നാൽ ഡിസംബറിൽ ബാങ്കിൽ നിന്ന് യഥാർഥ ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്.മാത്രെ അടച്ച പണം ബാങ്കിൽ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.  തുടർന്ന് മാത്രെയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഘാട്‌കോപ്പർ കേന്ദ്രീകരിച്ചുള്ള സംഘം പിടിയിലായത്.  മാർച്ച് മുതൽ പലരെയും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

പുതിയ സൈബർ പൊലീസ് സ്‌റ്റേഷൻ കാന്തിവ്‌ലി ഈസ്റ്റിൽ

നഗരത്തിലെ രണ്ടാമത്തെ സൈബർ പൊലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം 26ന് റിപ്പബ്ലിക് ദിനത്തിൽ നടക്കും. കാന്തിവ്‌ലി ഈസ്റ്റ് സാമന്ത നഗറിൽ ആണ് സ്‌റ്റേഷൻ വരിക.  ഇതിനു പുറമേ 4  സൈബർ പൊലീസ് സ്‌റ്റേഷനുകൾ കൂടി സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. നിലവിൽ ബാന്ദ്ര കുർള കോംപ്ലക്‌സിലാണു (ബികെസി) നഗരത്തിലെ ഏക സൈബർ പൊലീസ് സ്‌റ്റേഷൻ ഉള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബികെസിയിൽ എത്താനുള്ള പ്രയാസം കണക്കിലെടുത്താണ് ഓരോ മേഖലയിലും സ്‌റ്റേഷൻ സ്ഥാപിക്കുന്നത്. സൈബർ തട്ടിപ്പ് സംഭവങ്ങളിൽ കൂടുതൽ പേർ പരാതി നൽകാൻ സന്നദ്ധരാകുന്നതായാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.

ഓരോ സ്‌റ്റേഷനിലും 30-50 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. സമാനമായ കേസുകളിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്കൊപ്പം ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ പ്രത്യേക പരിശീലനം നൽകിയാണ് സ്‌റ്റേഷനുകളിൽ നിയോഗിക്കുക. ഇവർക്ക് സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണമല്ലാതെ പൊലീസുകാരുടെ പതിവു ചുമതലകളൊന്നും നൽകില്ല. ക്രമസമാധാന പാലനത്തിനും നിയോഗിക്കില്ല. മറ്റു വകുപ്പുകളിലേക്കുള്ള സ്ഥലം മാറ്റവും ഒഴിവാക്കണമെന്ന് ഉന്നത തല തീരുമാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com