ADVERTISEMENT

മുംബൈ∙ ലോക്കൽ ട്രെയിനിൽ എല്ലാവർക്കും പ്രവേശനം വൈകുമ്പോൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കണ്ണിൽ ഇരുട്ടു നിറച്ച് ഇന്ധനവില കുതിപ്പു തുടരുന്നു. എക്കാലത്തെയും റെക്കോർഡുകൾ  തകർത്താണ് പെട്രോൾ, ഡീസൽ  വിലയിലെ കുതിപ്പ്. ഇന്നലെ ലീറ്ററിന് 91.80 രൂപയാണ് പെട്രോൾ വില; തിങ്കളാഴ്ചത്തേക്കാൾ 24 പൈസയുടെ വർധന. ഡീസൽ വില 26 പൈസ കൂടി  ലീറ്ററിന് 82.13 രൂപയിൽ എത്തി.

രാജ്യത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില സംസ്ഥാനത്തെ പർഭണി ജില്ലയിലാണ്-94.26  രൂപ. സ്വന്തം വാഹനങ്ങളുടെ ഉപയോഗം ഏറ്റവും കൂടുതൽ വർധിച്ച കാലത്താണ് പെട്രോൾ വിലയുടെ കുതിപ്പ്. ലോക്കൽ ട്രെയിനിൽ എല്ലാവർക്കും പ്രവേശനമില്ലാത്തത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നു. കൂടാതെ കോവിഡ് ഭീതി പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ അകലവും ശുചിത്വവും ഉറപ്പാക്കാൻ പൊതുയാത്രാ സൗകര്യങ്ങളേക്കാൾ സ്വന്തം വാഹനങ്ങൾ തന്നെയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്.

പിന്നിട്ട 'നാഴികക്കല്ലുകൾ'

കഴിഞ്ഞ മാർച്ചിനു ശേഷം നഗരത്തിൽ 16 രൂപയാണ് പെട്രോൾ വില ഉയർന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ലീറ്ററിന് 76.31 രൂപയായിരുന്നെങ്കിൽ ഡിസംബർ 7ന് വില 90.34ൽ എത്തി. ജനുവരി 6ന് 90.6 രൂപ, ജനുവരി 14ന് 91.31 രൂപ, 18ന് 91.56 എന്നിങ്ങനെയാണ് കുതിപ്പ്. 2018 ഒക്‌ടോബർ 4ന് 91.31 രൂപ എത്തിയ റെക്കോർഡ് ആണ് 18ന് മറികടന്നത്.
ഡീസൽ വില കഴിഞ്ഞ ഏപ്രിലിൽ 66.20 രൂപയായിരുന്നെങ്കിൽ ഡിസംബറിൽ 80.5 രൂപയും ജനുവരി 6ന് 80.70 രൂപയുമായി. ജനുവരി 14ന് 81.60 രൂപയും 18ന് 81.87 രൂപയുമായി.

സൈക്കിളിലേക്കു മടങ്ങേണ്ടി വരും

സ്വന്തം വാഹനത്തിൽ ദിവസവും 40 കിലോമീറ്റർ യാത്ര ചെയ്താണ് ഓഫിസിലെത്തുന്നത്. പെട്രോൾ വിലയിലെ വൻവർധന സാമ്പത്തിക താളം തെറ്റിക്കും. കോവിഡ് കാലത്ത് ശമ്പളം വെട്ടിച്ചുരുക്കലും ബിസിനസ് മാന്ദ്യവും പലരെയും ബാധിച്ചിട്ടുണ്ട്. അതിനു മുകളിലാണ് ഇന്ധനവിലയുടെ ഭാരവും വരുന്നത്. സൈക്കിൾ കാലത്തിലേക്കു പോകുകയാവും  ഇതിനേക്കാൾ ഭേദം.  ചിലപ്പോൾ അടുത്തുള്ള സ്ഥലങ്ങളിൽ സൈക്കിളിൽ യാത്ര ചെയ്യാറുമുണ്ട്. സാമ്പത്തിക ലാഭവും കൂടെ വ്യായാമവും ലഭിക്കും.
രാജേഷ് നായർ, ഐരോളി

വിലനിർണയാധികാരം തിരിച്ചെടുക്കണം

ഇന്ധന വില നിർണയിക്കാനുള്ള അധികാരം സർക്കാർ തിരിച്ചെടുക്കണം. നിലവിൽ വിലകൂടുമ്പോൾ സർക്കാരും എണ്ണക്കമ്പനികളും പരസ്പരം പഴിചാരുകയാണ്. പെട്രോൾ വില നൂറു കടക്കല്ലേ എന്നാണ് പ്രാർഥന. വാഹന ഉടമകളെല്ലാം സമ്പന്നരാണ് എന്നു സർക്കാർ കരുതരുത്. ഇന്ധനവില ഉയരുമ്പോൾ  സാധാരണക്കാരുടെയും നെഞ്ചിടിപ്പുയരും. പി.ആർ. രാജ്കുമാർ, അഭിഭാഷകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com