മുംബൈ ∙ ലോക്കൽ ട്രെയിൻ യാത്രക്കാർക്ക് മുടിവെട്ടാനും ഫേഷ്യൽ ചെയ്യാനുമുള്ള സൗകര്യം സ്‌റ്റേഷനിൽ തന്നെയൊരുക്കാൻ പശ്ചിമ റെയിൽവേ. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനമുള്ള സലൂണുകൾ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക. സലൂണുകളുടെ നടത്തിപ്പിനായി ഉടൻ ടെൻഡർ ക്ഷണിക്കും. റെയിൽവേക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനു കൂടിയാണ് ഈ നീക്കം.
മുംബൈ സെൻട്രൽ, അന്ധേരി, ഗോരെഗാവ്, കാന്തിവ്‌ലി, ബോറിവ്‌ലി തുടങ്ങിയ സ്‌റ്റേഷനുകളിൽ സലൂണിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പശ്ചിമ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സ്‌റ്റേഷനകത്ത് 250 ചതുരശ്ര അടി സ്ഥലമാണ് സലൂൺ നടത്തുന്നതിനായി കരാറുകാർക്ക് നൽകുക.