ADVERTISEMENT

മുംബൈ ∙ ലോക്ഡൗൺ നീണ്ടതോടെ വിഷു വിപണി സജീവമായി. കണി ഒരുക്കാനും സദ്യയ്ക്ക് ആവശ്യമായ ഉൽപന്നങ്ങളുമെല്ലാം കേരള സ്റ്റോറുകളിലെത്തി. കണിക്കൊന്നയും വെള്ളരിയും ചക്കയും ഇടിച്ചക്കയും വാഴയിലയുമെല്ലാം ഭൂരിഭാഗം മേഖലകളിലും മലയാളിക്കടകളിൽ ലഭ്യമായി. ഇന്നലെ പലയിടങ്ങളിലും മലയാളിക്കടകളിൽ തിരക്കുണ്ടായിരുന്നു. ഫ്ലാറ്റിനകത്തു കുടുംബാംഗങ്ങൾ മാത്രം ചേർന്നു ചെറിയ തോതിൽ കണിയും സദ്യയും ഒരുക്കി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണു മലയാളികൾ.

കോവിഡ് വ്യാപിക്കുന്നതിനാൽ, ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നുള്ള ആഘോഷങ്ങൾ എവിടെയുമില്ല. മൂവാണ്ടൻ മാങ്ങ, മാമ്പഴം, വരിക്ക ചക്ക, ചേന, ചേമ്പ്, കൂർക്ക, പയർ, മത്തൻ, കുമ്പളം, നേന്ത്രക്കായ, ഞാലിപ്പൂവൻപഴം, മുരിങ്ങ, മട്ട അരി, തേങ്ങ, ചെറിയ ഉള്ളി എന്നിങ്ങനെ കേരള ഉൽപന്നങ്ങളുമായി ഒട്ടേറെ ലോറികൾ ഇന്നലെ പ്രധാന വിപണികളിലെത്തി. കോവിഡ് ആശങ്ക നിലനിൽക്കുന്നതിൽ ഉൽപന്ന വരവു കുറവാണെങ്കിലും തേടിയെത്തുന്നവർക്ക് വേണ്ടവിധം സാധനങ്ങളുണ്ടെന്നു കച്ചവടക്കാർ പറഞ്ഞു.

വസായ് അടക്കം ചില മേഖലകളിൽ വിഷുവിഭവങ്ങൾ വാങ്ങുന്നവർക്ക് ഒരു പിടി കണിക്കൊന്ന സൗജന്യമായും മലയാളി കടയുടമകൾ നൽകി.ഡോംബിവ്‌ലി ആസ്ഥാനമായുള്ള എആർഎം വിഡിയോസ് മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളികൾക്കായി കണിയൊരുക്കം എന്ന പേരിൽ വിഷുക്കണി ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ ഒരുക്കിയ ഏറ്റവും ആകർഷകമായ 3 വിഷുക്കണി ചിത്രങ്ങൾക്കാണു സമ്മാനമെന്നു സംഘാടകർ അറിയിച്ചു. ഫോൺ: 9833226891

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com