ADVERTISEMENT

മുംബൈ∙ ലോക്ഡൗൺ ഭീതിയിൽ പ്രാദേശിക വിപണികളിൽ ഷോപ്പിങ് തിരക്ക്. ഒട്ടേറെ ജനങ്ങളാണ് സാധനങ്ങൾ വാങ്ങി സ്‌റ്റോക് ചെയ്യാൻ ഇറങ്ങുന്നത്. ദക്ഷിണ മുംബൈയിലെ വിപണികളിൽ അസാധാരണ തിരക്ക് അനുഭവപ്പെടുന്നു. ദാദർ, പരേൽ മാർക്കറ്റുകളിലും തിരക്കുണ്ട്. വസായ്, മീരാറോഡ്, നവിമുംബൈ, പൻവേൽ, ഉല്ലാസ്‌നഗർ തുടങ്ങിയ മേഖലകളിലും ഷോപ്പിങ് തിരക്കു കാണാം. 

ഗുഡിപാഡ്‌വ, റമസാൻ എന്നിവ പ്രമാണിച്ച് ഷോപ്പിങ് നടത്തുന്നവരും നിരത്തിൽ നിറയുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് പ്രവർത്തന അനുമതിയെങ്കിലും പലയിടത്തും ചെരിപ്പ്, വസ്ത്രം, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങൾ വിൽക്കുന്നവർ കടയുടെ പാതി ഷട്ടർ തുറന്ന് വച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. മാർക്കറ്റുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവരെ പിടികൂടാൻ പൊലീസും മുനിസിപ്പൽ അധികൃതരും രംഗത്തുണ്ട്.ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയത് പല റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായി. അകലം ഉറപ്പാക്കാനും സാധനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യത്തിനും കൂടുതൽ പേരും സ്വന്തം വാഹനങ്ങളുമായി ഇറങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. 

പലയിടത്തും പാർക്കിങ് സൗകര്യങ്ങളുടെ അഭാവം കാരണം വഴിമുടക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവരുണ്ട്. ഇതു ട്രാഫിക് പൊലീസിന് തലവേദനയാകും. വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ, ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടു. സ്റ്റേഷൻ റോഡുകൾ, ലിങ്ക് റോഡ്, എസ്.വി. റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കേരള സ്റ്റോറുകളിൽ തിരക്കേറി

വിഷു സാധനങ്ങൾ എത്തിയതോടെ കേരള സ്‌റ്റോറുകളിലും തിരക്കാണ്. കൺനിറയെ കണിവെള്ളരി കാണാം ഇപ്പോൾ കേരള സ്‌റ്റോറുകളിൽ ചെന്നാൽ. നാട്ടിൽ നിന്നുള്ള ബ്രാൻഡഡ് അരി പോലുള്ള സാധനങ്ങൾ കൂടുതൽ വാങ്ങി സ്‌റ്റോക്ക് ചെയ്യുന്നവരുണ്ട്. കുടമ്പുളി, കടച്ചക്ക, ചേമ്പ്, കൂർക്ക തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com