ADVERTISEMENT

മുംബൈ ∙  ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല, വിൽക്കുമ്പോഴും ജാഗ്രത പാലിക്കുക. തട്ടിപ്പുകാർ നിങ്ങളുടെ പണം കവർന്നേക്കും. ഉപയോഗിച്ച സാധനങ്ങൾ ഓൺലൈൻ വിപണിയിലോ ഇ-കോമേഴ്സ് പോർട്ടലുകളിലോ വിൽക്കാൻ ശ്രമിക്കുന്നവരുടെ പണം കവരുന്ന സംഭവങ്ങൾ സമീപ ദിവസങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ചെറുപ്പക്കാരെ പോലും ഇവർ തട്ടിപ്പിനിരയാക്കുന്നു. പഴയ സാധനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന പ്രമുഖ ഇ-കോമേഴ്സ് പോർട്ടൽ വഴി പഴയ ഇരുമ്പ് സോഫ വിൽക്കാൻ ശ്രമിച്ച 24 വയസ്സുകാരനിൽ നിന്ന് ഇടപാടുകാരൻ ചമഞ്ഞ്  സൈബർ തട്ടിപ്പുകാരൻ കവർന്നത് 63,500 രൂപ. മീരാ-ഭായിന്ദർ വസായ്‌-വിരാർ കമ്മിഷണറേറ്റിലെ നവ്ഘർ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച്  എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ  കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. 

∙ പണം പോയ വഴി

ലാബ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഭായിന്ദർ നിവാസി, തന്റെ പഴയ ഇരുമ്പ് സോഫയ്ക്ക് 7,000 രൂപ വിലയിട്ട്  പരസ്യം നൽകി. അന്ധേരിയിൽ നിന്നുള്ള ഫർണിച്ചർ കട ഉടമയാണെന്ന് പരിചയപ്പെടുത്തിയ  തട്ടിപ്പുകാരൻ സോഫ വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് മൊബൈൽ ഫോണിൽ ഒരു ക്യുആർ കോഡ് അയച്ചു. ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഇ-വാലറ്റിൽ നിന്ന് 7,000 രൂപ  ബാങ്ക് അക്കൗണ്ടിൽ  ലഭിക്കുമെന്നും പറഞ്ഞു.  ഇതു വിശ്വസിച്ച് യുവാവ് ക്യുആർ കോഡ് സ്‌കാൻ ചെയ്‌തെങ്കിലും  പണം ലഭിച്ചില്ല. തുടർന്ന് ചില സാങ്കേതിക പിശകുകൾ കാരണമാണ് പണം ലഭിക്കാത്തതെന്നു ചൂണ്ടിക്കാട്ടി തട്ടിപ്പുകാരൻ മറ്റൊരു ക്യുആർ കോഡ് അയച്ചു.

തുടർന്നും തനിക്ക് പണം ലഭിച്ചില്ലെന്ന് അറിയിച്ചപ്പോൾ തട്ടിപ്പുകാരൻ കൂടുതൽ ക്യുആർ കോഡുകൾ അയച്ചുകൊണ്ടിരുന്നു. യുവാവ് ക്യുആർ കോഡുകൾ  സ്‌കാൻ ചെയ്യുന്നതു  തുടരുകയും ചെയ്തു. സ്വന്തം അക്കൗണ്ടിൽ നിന്ന്  63,500 രൂപ നഷ്ടപ്പെട്ടതായി പിന്നീടാണ് മനസ്സിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക്  മുൻപ് മാട്ടുംഗയിൽ നിന്നുള്ള 19 വയസ്സുകാരനായ വിദ്യാർഥി തന്റെ പഴയ സോഫ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ സമാനമായ രീതിയിൽ നഷ്ടപ്പെട്ടത്  1.68 ലക്ഷം രൂപയാണ്. 

∙ ബോധവൽക്കരണ ക്യാംപെയ്ൻ

സൈബർ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ സൈബർ സുരക്ഷാ വിഭാഗമായ 'മഹാരാഷ്ട്ര സൈബർ' സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. തട്ടിപ്പുകാർ ഇരകളുടെ കംപ്യൂട്ടറിലോ മൊബൈലിലോ പ്രവേശിക്കാൻ ഉപയോഗിക്കാനിടയുള്ള എനി ഡെസ്‌ക്, ടീം വ്യൂവർ, ക്വിക്ക് സപ്പോർട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള അറിവു നൽകലും ക്യാംപെയ്ന്റെ ഭാഗമാണ്. ലാപ്ടോപ്പിലോ മൊബൈലിലോ ഇത്തരം ആപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യാൻ ആവശ്യപ്പെടുന്ന ഫോൺ കോളുകൾ  അനുസരിക്കരുതെന്ന് 'മഹാരാഷ്ട്ര സൈബർ അഭ്യർഥിച്ചു.

വെബ്സൈറ്റ് പോപ്പ്അപ്പുകളിൽ നൽകുന്ന ഒരു നമ്പറിലേക്കും വിളിക്കരുത്. യുപിഐ ക്യുആർ കോഡ് സ്‌കാൻ തട്ടിപ്പിനെക്കുറിച്ചും അറിഞ്ഞിരിക്കണം. ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം, ഭീം, ആമസോൺ പേ തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകളുടെ സൗകര്യവും ജനപ്രീതിയും തട്ടിപ്പുകാർ ഉപയോക്താക്കളെ കബളിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലേക്ക് പണം അയയ്ക്കരുതെന്നും പണം ലഭിക്കാനായി യുപിഐ കോഡ് സ്‌കാൻ ചെയ്യരുതെന്നും അഭ്യർഥിച്ചു. വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ അജ്ഞാതർക്ക് നൽകുകയുമരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com