ദുരിതമൊഴിയാതെ കോലാപുർ, സാംഗ്ലി

INDIA-WEATHER-LANDSLIDE-FLOOD-MONSOON
റായ്ഗഡ് ജില്ലയിലെ മഹാഡിലെ വെള്ളപ്പൊക്കത്തിൽ ‘ഒലിച്ചുപോയ’ ട്രക്കുകൾ. റോഡിൽ നിർത്തിയിട്ട ട്രക്കുകളാണ് തൊട്ടടുത്ത വയലിലേക്ക് ഒഴികിയത്. ചിത്രം: എഎഫ്പി
SHARE

മുംബൈ ∙ കൊങ്കണിൽ പ്രളയജലം പടിയിറങ്ങിയെങ്കിൽ പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുർ, സാംഗ്ലി, സത്താറ ജില്ലകൾ കെടുതികളുടെ  നടുവിലാണ്. മഴ കുറഞ്ഞതിനെത്തുടർന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് ഈ മൂന്നു ജില്ലകളിലും ജലനിരപ്പു താഴ്ന്നുതുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഒട്ടേറെ ഗ്രാമങ്ങൾ വെളളത്തിനടിയിലാണ്. പാഞ്ചഗംഗ, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയർന്നതാണ് താഴ്ന്ന പ്രദേശങ്ങളായ കോലാപുർ, സാംഗ്ലി ജില്ലകളിലെ പല ഗ്രാമങ്ങളെയും മുക്കിയത്. പെരുമഴയ്ക്കൊപ്പം അണക്കെട്ടുകളെല്ലാം തുറന്നതോടെ പ്രളയമായി.

രണ്ടു ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറി. ആളുകൾക്കു സുരക്ഷിത കേന്ദ്രങ്ങളിലേക്കു നീങ്ങാൻ സമയം ലഭിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വെള്ളം ഇറങ്ങിയാലും മണ്ണും മാലിന്യങ്ങളും അടിഞ്ഞ വീടുകളും സ്ഥാപനങ്ങളും പൂർവസ്ഥിതിയിലാക്കാൻ ഏറെ സമയമെടുക്കും. കരിമ്പും പച്ചക്കറികളിലും ഫലവർഗങ്ങളും ഏറെ വിളയുന്ന മേഖലയാണ് കോലാപുരും സാംഗ്ലിയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീരോൽപാദനമുള്ള പ്രദേശവുമാണിത്.

പശുക്കളടക്കം ഒട്ടേറെ  മൃഗങ്ങളാണ് ചത്തൊടുങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്തത്. മഴയിൽ സംസ്ഥാനത്ത് ഒന്നര ലക്ഷം ഹെക്ടർ സ്ഥലത്താണ് കൃഷി നശിച്ചിരിക്കുന്നതെന്നാണ് ഏകദേശ കണക്ക്. വീടുകളും സ്ഥാപനങ്ങളും പൂർവസ്ഥിതിയിലാക്കണമെങ്കിൽ വൻതുക മുടക്കേണ്ടിവരും. റോഡുകളും പാലങ്ങളും വലിയ തോതിലാണു തകർന്നിരിക്കുന്നത്. കോവിഡിനിടെ വരുമാനം കുറഞ്ഞു വലിഞ്ഞുമുറുകുന്ന സർക്കാരിന് അറ്റകുറ്റപ്പണിക്കായി വൻതുക മുടക്കേണ്ടിവരും. 2019ലെ വൻ പ്രളയത്തിൽ കോലാപുർ, സാംഗ്ലി, സത്താറ ജില്ലകളിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. അതിൽ നിന്നു കരകയറും മുൻപാണ് കോവിഡ് വ്യാപിച്ചത്. മഹാമാരിയുടെ കെടുതിക്കിടെയാണ് വീണ്ടും പ്രളയം ജീവിതത്തെ മുക്കിയിരിക്കുന്നത്.

പ്രളയം നേരിടാൻ പ്രത്യേക സേന 

പെരുമഴയും പ്രളയവും പതിവായിരിക്കെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) മാതൃകയിൽ  മഹാരാഷ്ട്രയിൽ  പ്രത്യേക സേന രൂപീകരിച്ച് എല്ലാ ജില്ലകളിലും നിയോഗിക്കുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതോടൊപ്പം, സംസ്ഥാനം ദുരന്ത നിവാരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊങ്കണിലെ ചിപ്ലുണിൽ പ്രളയക്കെടുതിയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുരിതബാധിതർക്കു ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി തദ്ദേശ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. അതിനിടെ, മേഖലയിൽ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി നാരായൺ റാണെ മഹാരാഷ്ട്ര സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് മുഖ്യമന്ത്രിയോ, ഭരണസംവിധാനമോ ഇല്ലെന്നും സർക്കാർ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN mumbai
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA