ADVERTISEMENT

മുംബൈ ∙ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച സർക്കാർ പ്രഖ്യാപനം കാത്ത് ജനം. മുംബൈയിലും സമീപ മേഖലകളിലും കോവിഡ് കേസുകൾ കുത്തനെ കുറയുകയും വാക്സിനേഷൻ മെച്ചപ്പെടുകയും ചെയ്തിരിക്കെ പഴയകാലം തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് ജനം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ലോക്കൽ ട്രെയിൻ യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. ഓഫിസുകളും സ്ഥാപനങ്ങളും ഉപാധികളോടെ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതോടെ കൂടുതൽ ആളുകളെ ജോലിക്കും മറ്റും വിളിക്കുന്നുണ്ട്.

മുംബൈ ഹാർബർ ലൈനിലെ പൻവേൽ സ്റ്റേഷനു സമീപത്തെ യാർഡിൽ കിടക്കുന്ന ലോക്കൽ ട്രെയിനുകൾ. ചിത്രം: മനോരമ

ജോലിസ്ഥലത്തു നിന്ന് 50 മുതൽ 75 കിലോമീറ്റർ അകലെ താമസിക്കുന്നവർ ഏറെയുള്ള നഗരത്തിൽ അവരിൽ പലരും മണിക്കൂറുകൾ റോഡ് യാത്ര ചെയ്താണ് ഓഫിസിൽ വന്നുപോകുന്നത്. ജോലി നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഓഫിസിൽ പോയേ പറ്റൂ എന്ന നിർബന്ധത്തിനു മുന്നിൽ ശമ്പളത്തിന്റെ വലിയ തുക യാത്രയ്ക്കായി ചെലവാക്കിയാണ് പലരും പോയി വരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ രണ്ടു ഡോസ് വാക്സീൻ എടുത്തവരെ ലോക്കൽ ട്രെയിനിൽ അനുവദിച്ചാൽ ആളുകൾ കൂടുതൽ നഗരത്തിലെത്തുന്നതോടെ കടകളിലും ഹോട്ടലുകളിലും കച്ചവടം കൂടും. ലോക്ഡൗണിനെത്തുടർന്നു വരുമാനം നഷ്ടപ്പെട്ട കച്ചവടക്കാർക്ക് ജീവിതം തിരിച്ചുപിടിക്കാനുളള അവസരമൊരുങ്ങും.

ഇത് സാമ്പത്തിക മേഖലെയെയും ഉണർത്തും - ദക്ഷിണ മുംബൈയിലെ വ്യാപാരിയും കണ്ണൂർ സ്വദേശിയുമായ മുനീർ പറഞ്ഞു. കോവിഡ് നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവുള്ള 25 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. മാളുകളും തിയറ്ററുകളും തുറക്കാൻ അനുമതി നൽകുന്നതിനൊപ്പം ഹോട്ടലുകൾക്കും കടകൾക്കുമുള്ള നിയന്ത്രണങ്ങളും നീക്കിയേക്കും. നിലവിൽ വൈകിട്ട് 4 വരെയാണ് കടകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി.

ആശ്വാസം പകരുന്ന നീക്കം: വി.എ. കാദർ, ജനറൽ മാനേജർ, ഫൗണ്ടൻ പ്ലാസ ഹോട്ടൽ, ഫോർട്ട് മുംബൈ

സർക്കാരിന്റേത് വലിയ ആശ്വാസം പകരുന്ന നീക്കമാണ്. 15 മാസത്തെ ലോക്ഡൗൺ ഹോട്ടൽ മേഖലയുടെയും വ്യാപാരികളുടെയും നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. വൻ വാടകയും വലിയ തുക ശമ്പളവും നൽകിയാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നത്. പിടിച്ചുനിൽക്കാനാവാതെ ചിലർ അടച്ചുപൂട്ടി. പ്രതിസന്ധി മൂർച്ഛിക്കവെയാണ് ആശ്വാസനടപടി സംബന്ധിച്ച സൂചനകൾ വരുന്നത്. ഏറ്റവും കൂടുതൽ ബിസിനസ് ഉള്ളത് സായാഹ്നങ്ങളിലും ശനിയും ഞായറുമാണ്. ഇൗ വേളകളിൽ 15 മാസമായി പ്രവർത്തനാനുമതിയില്ല. നിയന്ത്രണം നീങ്ങുന്നതോടെ പ്രതിസന്ധിയെ മറിടകടക്കാൻ ഹോട്ടൽ മേഖലയ്ക്ക് കഴിയുമെന്നാണു പ്രതീക്ഷ.

വീട്ടിലിരുന്നുള്ള ജോലിക്കും ബുദ്ധിമുട്ട്: മേരി സെബാസ്റ്റ്യൻ വിരാർ നിവാസി, കുറവിലങ്ങാട് സ്വദേശി

ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണു ഞാൻ. ബോറിവ്‌ലിയിൽ ആണ് ഓഫിസ്. ലോക്ഡൗൺ ആരംഭിച്ചതുമുതൽ വിരാറിലെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് പ്രവർത്തിക്കുമ്പോൾ ജോലി നന്നായി നടക്കുന്നില്ല. ഏറെ ബുദ്ധിമുട്ടിയിരുന്നു. രണ്ടു ഡോസ് വാക്സീൻ ലഭിച്ചവർക്ക് ലോക്കൽ ട്രെയിനിൽ അനുവദിക്കാനുള്ള ആലോചന വലിയ ആശ്വാസം പകരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com