ADVERTISEMENT

മുംബൈ∙ കോവിഡ് വാക്‌സീന്റെ രണ്ട് ഡോസും ലഭിച്ചവരെ  ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന്  സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. രണ്ടു ഡോസും എടുത്തിട്ടും ജനങ്ങൾ അവരുടെ വീടിനുള്ളിൽ തന്നെ തുടരണമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ,  വാക്സിനേഷൻ എടുക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽകർണി എന്നിവർ അടങ്ങിയ ബെഞ്ച് ചോദിച്ചു. ഈ വിഷയത്തിൽ അഭിഭാഷകരും സ്വകാര്യ വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. 

∙ ദുരന്തനിവാരണ അതോറിറ്റിക്ക് വിമുഖത 

അഭിഭാഷകർക്കും ജുഡീഷ്യൽ ക്ലാർക്കുമാർക്കും കോടതി ജീവനക്കാർക്കും ലോക്കൽ ട്രെയിൻ യാത്ര അനുവദിക്കുന്ന വിഷയത്തിൽ  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിമുഖത കാണിക്കുന്നുവെന്ന് അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണി കോടതിയെ ബോധിപ്പിച്ചിരുന്നു. നിലവിൽ, ആരോഗ്യ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.ഹൈക്കോടതിയും കീഴ്‌ക്കോടതികളും നേരിട്ടുള്ള വാദം കേൾക്കൽ പുനരാരംഭിച്ചതിനാൽ അഭിഭാഷകർക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യേണ്ടതുണ്ടെന്ന് അഭിഭാഷകൻ മിലിന്ദ് സാഥെ ഹൈക്കോടതിയെ അറിയിച്ചു.

അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ ആറ് മാസ യാത്രാ പാസുകൾ നൽകാൻ വെസ്റ്റേൺ, സെൻട്രൽ, ഹാർബർ റെയിൽവേ അധികൃതർ സമ്മതിച്ചതായി റെയിൽവേയ്ക്ക് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ്, ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ബാർ കൗൺസിലിൽ നിന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുമുള്ള ശുപാർശ ആവശ്യമാണെന്നും സിങ് വ്യക്തമാക്കി.

∙ സമഗ്ര പദ്ധതി ആവശ്യം

അഭിഭാഷകർക്ക് മാത്രമല്ല, രണ്ടു ഡോസ് വാക്‌സിനേഷൻ എടുത്ത മറ്റ് മേഖലകളിൽ നിന്നുള്ള ആളുകൾക്കും  ഉപകരിക്കുന്ന സമഗ്രമായ പദ്ധതി ഈ വിഷയത്തിൽ വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. "ഇത് എല്ലാവരെയും ബാധിക്കുന്നു. ഒരാളുടെ സാമ്പത്തിക സ്ഥിതിയെയും ജോലിയെയും ബാധിക്കുന്നു. റോഡുകളുടെ അവസ്ഥ നോക്കൂ. ഒരാൾക്ക് ദഹിസറിലേക്ക് യാത്ര ചെയ്യാൻ മൂന്ന് മണിക്കൂർ വേണ്ടിവരും റോഡുകൾ ഉപയോഗിക്കുന്ന ഈ ജനങ്ങളെ എന്തുകൊണ്ട് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല- കോടതി ചോദിച്ചു. വാദം കേൾക്കൽ ഈ മാസം 5 ന് തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com